corona

തൃശൂർ: കൊവിഡ് വ്യാപനം ഒരുഭാഗത്ത് ഭീഷണിയായി കുതിക്കുമ്പോൾ ജില്ലയിൽ നിയന്ത്രണങ്ങൾ പാളുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ ഭയമുണ്ടെങ്കിലും അടിയന്തരാവശ്യങ്ങൾ നടത്താൻ പലരും സർക്കാർ ഓഫീസുകളിലേക്കും മറ്റും വന്ന് തുടങ്ങി. ഓണത്തിന് മുമ്പ് വരെ ജില്ലയിലെ സർക്കാർ ഓഫീസുകളിൽ തിരക്ക് കുറവായിരുന്നെങ്കിൽ ഓണത്തിന് ശേഷം തിരക്കേറി. ബാങ്കുകളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. നിയന്ത്രണങ്ങൾ കുറഞ്ഞ് വരും എന്ന ധാരണയിൽ ഇതുവരെയും ആവശ്യങ്ങളെല്ലാം മാറ്റി വച്ച് പുറത്തിറങ്ങാതിരുന്നവർ രണ്ടും കൽപ്പിച്ച് പുറത്തിറങ്ങുകയാണിപ്പോൾ.

ബാങ്കിൽ തിരക്കൊഴിയുന്നില്ല

നിലവിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത് ബാങ്കുകളിലാണ്. തൊഴിലുറപ്പ് തൊഴിലാളികളുടെയും മറ്റും കൂലി തുക ബാങ്കുകളിൽ ഒരോ ആഴ്ച്ചയിലും എത്തുന്നതോടെ അത് പിൻവലിക്കാനും മറ്റും നിരവധി പേരാണ് എത്തുന്നത്. പുറത്ത് വരി നിർത്തി അഞ്ച് പേരെ മാത്രമാണ് അധികൃതർ ബാങ്കിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, സപ്ലൈ ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഭൂരിഭാഗം ഓഫീസുകളിലും അമ്പത് ശതമാനം ജീവനക്കാർ മാത്രമാണ് എത്തുന്നത്. ഇതുമൂലം പലർക്കും ഒറ്റത്തവണ കൊണ്ട് കാര്യങ്ങൾ നടത്തിപ്പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. എല്ലാ ഓഫീസുകൾക്ക് മുന്നിലും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണം അടങ്ങുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇതൊന്നും ഗൗനിക്കാതെയാണ് എത്തുന്നത്. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ എഴുപത്തഞ്ച് ശതമാനവും സമ്പർക്കത്തിലൂടെയാണ് ഉണ്ടായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നീണ്ട നിരകളുമായി അക്ഷയ സെന്റർ
ലൈഫ് മിഷൻ പദ്ധതിക്കായി അപേക്ഷ സർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിക്കുന്നത് മൂലം കഴിഞ്ഞ ദിവസങ്ങളിൽ നീണ്ട നിരയാണ് അക്ഷയ സെന്ററുകളിൽ അനുഭവപ്പെട്ടത്. ചില അക്ഷയ സെന്ററുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയത് ആശ്വാസം പകരുന്നുണ്ട്.

സാമൂഹിക അകലം അയഞ്ഞു
എല്ലായിടത്തും സാമൂഹിക അകലം പാലിക്കണമെന്ന് കർശന നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും പലയിടത്തും ഇത് നടപ്പിലാകുന്നില്ല. ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന റേഷൻ കടകളിൽ നേരത്തെ ഒരോരുത്തർക്കും വട്ടം വരച്ച് അകലം നിശ്ചയിച്ചിരുന്നെങ്കിലും പലയിടത്തും ഇത് പാലിക്കുന്നില്ല. ആദ്യമൊക്കെ ആരോഗ്യ പ്രവർത്തകർ റേഷൻ കടകൾ സന്ദർശിച്ച് മാർഗ നിർദ്ദേശങ്ങൾ നൽകാറുണ്ടെങ്കിലും പോസറ്റീവ് കേസുകൾ കൂടിയതോടെ അവർക്ക് ഓടിയെത്താൻ സാധിക്കാത്ത അവസ്ഥയിലാണ്.