ഐറിഷ് സ്വദേശിനി പെപിത സേത്തിന് കേരളത്തോട് അവസാനിക്കാത്ത പ്രണയമാണ്. മൂന്നു പതിറ്റാണ്ടായി കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച്
തനതു കലകളെയും സംസ്കാരത്തെയും കാമറയിലൂടെ ഒപ്പിയെടുത്ത നിത്യസഞ്ചാരി കൂടിയാണ് പെപിത. വർഷങ്ങൾക്ക് മുമ്പ് തന്റെ മുത്തച്ഛന്റെ ഡയറിക്കുറിപ്പിൽ നിന്ന് ഇന്ത്യയെക്കുറിച്ച് വായിച്ചറിഞ്ഞ് ഇവിടെയെത്തിയ പെപിതയുടെ ജീവിതം വിസ്മയമാണ്
കേരളത്തിന്റെ കസവുനേരിയതും നെറ്റിയിൽ വട്ടപ്പൊട്ടും ചന്ദനവുമണിഞ്ഞ് ഗുരുവായൂരമ്പലത്തിന്റെ പരിസരപ്രദേശങ്ങളിലെല്ലാം വെളുത്തു മെലിഞ്ഞ ഒരു വിദേശസ്ത്രീയെ കാണാം. മുന്നിലെത്തുന്നവരെ നോക്കി കൈ കൂപ്പി പുഞ്ചിരി തൂകി നമസ്തേ പറയുന്നതു കേട്ടാൽ ആരും ഒന്നത്ഭുതപ്പെടും. ഗുരുവായൂർ ക്ഷേത്രനടയിലൂടെ തോളിൽ തുണിസഞ്ചിയുമായി നടക്കുന്ന പെപിത സേത്ത് എന്ന ഐറിഷ് സ്വദേശിനി ഗുരുവായൂരുകാർക്ക് ഇപ്പോൾ സ്വന്തം നാട്ടുകാരിയാണ്. കണ്ണനെ കണ്ട് തൊഴാൻ എത്തിയ പെപിത കണ്ണന്റെ മണ്ണിൽ തന്നെ ജീവിക്കാൻ തീരുമാനിച്ച കഥ വായിക്കാം.
ഗുരുവായൂരിലേക്ക്
കണ്ണനെ കാണാനെത്തുന്ന ആയിരക്കണക്കിന് വിദേശികളിലൊരാളായിരുന്നു പെപിതയും. എന്നാൽ, ഇവിടെയെത്തിയതോടെ പെപിതയെ ഗുരുവായൂർ ക്ഷേത്രവും ഇവിടത്തെ കാഴ്ചകളും ഏറെ സ്വാധീനിക്കുകയായിരുന്നു. വിശ്വാസങ്ങളും ആചാരങ്ങളും കൂടി കേട്ടറിഞ്ഞതോടെ ആ ഇഷ്ടം പിന്നെയും കൂടി. അങ്ങനെയാണ് ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ച് പുസ്തകവുമെഴുതാൻ അവർ തീരുമാനിച്ചത്. ഏറെ പരീക്ഷണങ്ങൾക്കും പ്രതിസന്ധികൾക്കുമൊടുവിൽ 'ഹെവൻ ഓൺ എർത്ത് ദി യൂണിവേഴ്സ് ഒഫ് കേരളാസ് ഗുരുവായൂർ ടെംപിൾ" എന്ന പേരിലൂടെ പെപിത തന്റെ സ്വപ്നം ലോകത്തിന് മുന്നിൽ സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തെ കുറിച്ച് വിദേശികളിന്ന് ഏറ്റവുമധികം വായിച്ചറിയുന്ന പുസ്തകം ഏതെന്ന് ചോദിച്ചാൽ അതിനൊറ്റ ഉത്തരമേയുള്ളൂ, അത് പെപിതയുടെ ഈ എഴുത്താണ്.
വർഷങ്ങൾക്ക് മുമ്പ് തന്റെ മുത്തച്ഛന്റെ ഡയറിക്കുറിപ്പിൽ നിന്നാണ് പെപിത ഇന്ത്യയെക്കുറിച്ച് ആദ്യം വായിച്ചറിയുന്നത്. 1972ൽ ഇന്ത്യയിലെത്തിയ പെപിത ആദ്യമെത്തിയതാകട്ടെ കേരളത്തിലും. ഇവിടത്തെ പച്ചപ്പും പുഴകളും മലകളും പെപിതയുടെ മനസ് കീഴടക്കി. കേരളത്തില പല സ്ഥലങ്ങളിലും യാത്ര ചെയ്ത് ഗുരുവായൂരിലെത്തിയ അവർ പുന്നത്തൂർക്കോട്ടയും സന്ദർശിച്ചു. ആനകളെ ഏറെ ഇഷ്ടപ്പെടുന്ന പെപിത അന്ന് മദപ്പാടിലുള്ള ഒരാനയുടെ ദൃശ്യം പകർത്തിയിരുന്നു. ഒരു കാൽ മറുകാലിനോട് ചേർത്ത് തുമ്പിക്കൈ മടക്കി നിൽക്കുന്ന ഗുരുവായൂർ കേശവന്റെ അപൂർവ ഫോട്ടോയായിരുന്നു അത്. കൂട്ടത്തിൽ ഗൂരുവായൂർ ക്ഷേത്രത്തിലും തൊഴാനെത്തി. തൊഴുതു മടങ്ങുമ്പോൾ പെപിതയുടെ മനസിൽ മുഴുവൻ നിറഞ്ഞുനിന്നത് ചന്ദനത്തിന്റെയും നറുനെയ്യുടെയും മണമായിരുന്നു. പിന്നെയും നിരവധി തവണ പെപിത ഗുരുവായൂരിൽ തൊഴാനെത്തി. ഇഷ്ടവും വിശ്വാസവും കൂടി വന്നതോടെ വിവിധ ആചാര്യന്മാരിൽ നിന്നും ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകളും ആചാരക്രമങ്ങളും അവയുടെ ഫോട്ടോയും ഉൾപ്പെടുത്തി ഒരു ഗ്രന്ഥം രചിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച അവരെ പലരും നടക്കാത്ത സ്വപ്നമെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തി. എന്നാൽ പെപിത തന്റെ ആഗ്രഹത്തിൽ നിന്നും പിന്മാറിയില്ല. 1981ൽ ഗുരുവായൂർ ക്ഷേത്രമുൾപ്പടെ മറ്റു ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് ഹിന്ദു ആചാരപ്രകാരമുള്ള അനുമതി വാങ്ങിച്ചു. എന്നാൽ എട്ടു വർഷക്കാലത്തെ നിരന്തര പ്രയത്നത്തിനൊടുവിൽ 'ഹെവൻ ഓൺ എർത്ത് ദ യൂണിവേഴ്സ് ഒഫ് കേരളാസ് ഗുരുവായൂർ ടെംപിൾ" എന്ന ഗ്രന്ഥം പുറത്തിറക്കിയപ്പോൾ അത് മലയാളികൾക്കും അഭിമാനിക്കാവുന്ന ഒന്നായി മാറി.
മറക്കാൻ കഴിയാത്ത ഓർമകൾ
മലയാളികൾ മറന്നു പോകുന്ന പലതുമാണ് നമ്മെ പെപിത ഓർമ്മപ്പെടുത്തുന്നത്. ഗുരുവായൂരിലെത്തുന്ന വിദേശികൾക്കിന്ന് മലയാളികളേക്കാൾ നന്നായി ഈ ക്ഷേത്രത്തെക്കുറിച്ചറിയാം. ഉത്സവബലി, വിളക്കെഴുന്നെള്ളിപ്പ്, സഹസ്രകലശം തുടങ്ങി ഗുരുവായൂരിലെ വിശിഷ്ട ചടങ്ങുകളും ഇവർക്ക് ഹൃദിസ്ഥമാണ്. പുസ്തകത്തിന്റെ ഉള്ളടക്കം പോലെ തന്നെ പുറം കാഴ്ചയും ആരെയും മോഹിപ്പിക്കും. ആയിരത്തിനടുത്ത് പേജുകൾ വരുന്ന ഈ പുസ്തകം മനോഹരങ്ങളായ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ നെല്ല് കുത്തുന്നവരും പാത്രം കഴുകുന്നവരും വസ്ത്രം അലക്കുന്നവരും ആനക്ക് പട്ടയെത്തിച്ചു കൊടുക്കുന്നവരുമെല്ലാം ഈ പുസ്തകത്തിലെ ഓരോ താളിലും ഇടം പിടിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തെ രൂപരേഖയും പുസ്തകത്തിന്റെ സവിശേഷതയാണ്. അതിന് പെപിത നന്ദി പറയുന്നത് ഗുരുവായൂർ ദേവസ്വം ചുമർചിത്രപഠനകേന്ദ്രത്തിലെ പ്രിൻസിപ്പലും സുഹൃത്തുമായ കെ.യു. കൃഷ്ണകുമാറിനോടാണ്. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ഏറെ വിഷമകരമായ ആ ഭാഗം തയ്യാറാക്കിയതെന്ന് പെപിത പറയുന്നു.
പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട് നിരവധി ഓർമകളും പെപിതയ്ക്ക് പങ്കുവയ്ക്കാനുണ്ട്. ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവക്കൊടിയേറ്റം കാമറയിൽ പകർത്തുന്നതിനായി ശ്രമിച്ചു. ആദ്യമേ തന്നെ സ്ഥാനം പിടിച്ചെങ്കിലും കൊടിയേറ്റം തുടങ്ങിയതോടെ പ്രതീക്ഷിക്കാത്ത തരത്തിൽ ഭക്തർ നിറഞ്ഞു. തിരക്കുണ്ടാകുമെന്ന് കരുതിയെങ്കിലും ഇത്രയും തിരക്ക് അവർ പ്രതീക്ഷിച്ചില്ല. പെപിത തിരക്കിനിടയിൽ പിന്തള്ളപ്പെട്ടു. പുസ്തകത്തിന്റെ എഴുത്ത് ജോലികളെല്ലാം ഏറെക്കുറേ തീർന്ന സമയമായിരുന്നു. പക്ഷേ ആ ഒറ്റച്ചിത്രത്തിന് വേണ്ടി പിന്നെയും ഒരു വർഷം കൂടി അവർക്ക് കാത്തിരിക്കേണ്ടി വന്നു. ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളും പഴയ കഥകളുമൊക്കെ തേടി പ്രായമായ പലരെയും സമീപിച്ചു. പലരും നിറഞ്ഞ ഭക്തിയോടെ കരഞ്ഞുകൊണ്ട് അനുഭവങ്ങൾ പങ്കുവച്ചതും പെപിതയ്ക്ക് മറക്കാനാകാത്ത ഓർമകളാണ്. ഇങ്ങനെ എത്രയോ അനുഭവങ്ങൾ വർഷങ്ങൾ നീണ്ട പുസ്തക രചനയ്ക്കിടയിൽ പെപിതയ്ക്കുണ്ടായിട്ടുണ്ട്. ഒടുവിൽ 2012 ൽ പെപിത തന്റെ സ്വപ്നം പൂർത്തിയാക്കി. നിയോഗി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷ് ഭാഷയിലെഴുതിയ പുസ്തകത്തിന്റെ ആദ്യ വില 2995 രൂപയായിരുന്നു. പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം രണ്ടാം എഡിഷനും പുറത്തിറങ്ങി. ഇപ്പോൾ രണ്ടായിരം രൂപയ്ക്കാണ് പുസ്തകം വിൽക്കുന്നത്.
കേരളം സ്വന്തം നാടാണ്
കേരളത്തെ ഏറെ സ്നേഹിക്കുന്ന പെപിതയുടെ ജന്മനാട് ലണ്ടനാണ്. 1979ൽ ഡോക്യുമെന്ററികളും ഫീച്ചർ ഫിലിമുകളും നിർമ്മിച്ചിരുന്ന സ്റ്റാൻലി ഡോണൻ, ഓട്ടോ പ്രമിംഗർ, ടോണി റിച്ചാർഡ്സൺ, ടെഡ് കൊച്ചേവ് തുടങ്ങിയ വിഖ്യാത അമേരിക്കൻ പ്രതിഭകളുടെ കീഴിൽ ഫിലിം എഡിറ്റിംഗിൽ തുടക്കം കുറിച്ചുകൊണ്ടാണ് പെപിതയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പക്ഷേ അപ്പോഴും മനസിലെ സ്വപ്നം മുഴുവൻ നിറഞ്ഞു നിന്നത് കേരളത്തിലായിരുന്നു. കേരളീയ പാരമ്പര്യകലകളെക്കുറിച്ച് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പെപിത ധാരാളം പ്രഭാഷണങ്ങളും ഫോട്ടോ പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. വടക്കേ മലബാറിലെ പ്രധാന അനുഷ്ഠാനമായ തെയ്യത്തെ കുറിച്ച് ഒരു ബൃഹത്തായ ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ പെപിത. 15 വർഷത്തിലധികമായി ഈ ഗ്രന്ഥത്തിന്റെ രചനയ്ക്കായി വടക്കേ മലബാറിലെ പല തറവാടുകളിലും കാവുകളിലും നടക്കുന്ന തെയ്യക്കോലങ്ങൾ കാണുകയും ഇതു ചെയ്യുന്ന കലാകാരൻമാരെയും പോയി കണ്ട് ഗ്രന്ഥത്തിനു വേണ്ടി ഒരുപാട് നിരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. പുസ്തകരചന ഇതുവരെ പൂർത്തിയായിട്ടില്ല.വിദേശരാജ്യങ്ങളിൽ തെയ്യം ഫോട്ടോ പ്രദർശനവും നടത്തിയിരുന്ന പെപിത തെയ്യം ഫോട്ടോകൾ ഉൾപ്പെടുത്തി ഒരു ഫോട്ടോ ബുക്കും ഇറക്കിയിട്ടുണ്ട്. 1994ൽ 'ദി സ്പിരിറ്റ് ലാൻഡ്" എന്ന ഒരു നോവലും പെപിത എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പത്മശ്രീ പെപിത
പെപിതയ്ക്ക് കേരളത്തോട് അവസാനിക്കാത്ത പ്രണയമാണ്. മൂന്നു പതിറ്റാണ്ടായി കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് കേരളത്തിന്റെ തനതുകലകളെയും സംസ്കാരത്തെയും കാമറയിലൂടെ ഒപ്പിയെടുത്ത നിത്യസഞ്ചാരി കൂടിയാണ് പെപിത. 2012ൽ പെപിതയുടെ പ്രവർത്തനങ്ങളുടെ അംഗീകാരമായി ഭാരതസർക്കാർ പത്മശ്രീ ബഹുമതി നൽകി ആദരിച്ചിരുന്നു. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും അനുഷ്ഠാനങ്ങളും വിളിച്ചോതുന്ന നിരവധി ഗ്രന്ഥങ്ങൾ പെപിതയിൽ നിന്നും ഇനിയും പ്രതീക്ഷിക്കാം. പ്രായം എഴുപത്തെട്ടായെങ്കിലും ചെറുപ്പക്കാരുടെ മനസുമായി അവർ കാമറയുമായി ഗ്രാമങ്ങളിലൂടെ ഇന്നും അലയുകയാണ്. 2016ൽ ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ സഹകരണത്തോടെ വായനദിനാചരണത്തിന്റെ ഭാഗമായി പെപിതയെ ആദരിച്ചിരുന്നു. നാലുപതിറ്റാണ്ടിലേറെയായി തൃശൂരിൽ സ്ഥിര താമസമാക്കിയ പെപിത ഇന്ന് ഗുരുവായൂരുകാരുടെ സ്വന്തമാണ്, അഭിമാനമാണ്.