ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ കുണ്ടുകുഴിപ്പാടം കുറ്റിക്കാട് റോഡ് ആരംഭിക്കുന്ന കുണ്ടുകുഴിപ്പാടം പ്രദേശത്തെ റോഡിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കുണ്ടുകുഴിപ്പാടം വെസ്റ്റ് ശാഖാ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
റോഡിന്റെ ടാറിംഗ് ഇളകി പോയി റോഡ് മുഴുവൻ വലിയ കുണ്ടും കുഴിയുമായി കിടക്കുകയാണ്. മഴപെയ്യുമ്പോൾ റോഡിൽ മഴവെള്ളം കെട്ടികിടക്കുന്നതിനാൽ റോഡിലെ കുഴികൾ തിരിച്ചറിയാൻ കഴിയാതെ കാൽനടയാത്രക്കാരും ഇരുചക്ര വാഹനങ്ങളിലുള്ളവരും അപകടത്തിൽ പെടുകയാണ്. ചാലക്കുടിക്ക് പോകാൻ കൂടുതൽ ആളുകൾ ആശ്രയിക്കുന്ന റോഡാണിത്. സ്വകാര്യ ബസും ഇരുചക്ര വാഹനങ്ങളും മറ്റ് നിരവധി വാഹനങ്ങളും സ്ഥിരമായി സഞ്ചരിക്കുന്ന പ്രധാന റോഡുകൂടിയാണിത്. കുണ്ടുകുഴിപ്പാടം എസ്.എൻ യു.പി സ്‌കൂളിലേക്കും ശ്രീ അന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിലേക്കും പോകുന്നതിനുള്ള ഏക റോഡും ഇതാണ്. കഴിഞ്ഞ മാർച്ച് മാസത്തിന് മുമ്പ് റോഡിന്റെ പണികൾ തീർക്കാമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പു പറഞ്ഞിട്ടും ഇതുവരെ റോഡിന്റെ പണികൾ ആരംഭിച്ചിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി.
യോഗത്തിൽ ശാഖാ പ്രസിഡന്റ് പി.ജി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ടി.കെ. മനോഹരൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ്, ശാഖാ സെക്രട്ടറി ബിന്ദു മനോഹരൻ, കെ.എ. ശിവൻ, ടി.കെ. ബാബു, ടി.കെ. ഗോപി എന്നിവർ പ്രസംഗിച്ചു.