ചാലക്കുടി: നിർമ്മാണം നടക്കുന്ന നഗരസഭയുടെ ആധുനിക പാർക്കിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണത് ചാലക്കുടിയിൽ രാഷ്ട്രീയ ബലപരീക്ഷണത്തിന് വേദിയായി. ഐ.ടി.ഐ ക്വാർട്ടേഴ്‌സ് റോഡിലെ മതിലിന്റെ അടിഭാഗമാണ് തള്ളിപ്പോയത്. റോഡിൽ നിന്നും പത്തടിയോളം ഉയരത്തിൽ നിൽക്കുന്ന പാർക്കിന്റെ ഭൂമിയാണ് ചെറിയൊരു ഭാഗം ഇടിഞ്ഞത്.
പാർക്കിനോട് അനുബന്ധിച്ച് നിർമ്മിച്ച കാനയിലൂടെ വെള്ളം കുത്തിയൊഴുകിയതാണ് മണ്ണിടിച്ചിലിനിടയാക്കിയത്. എന്നാൽ ഇത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടുകയാണ് യു.ഡി.എഫ്. ഭരണ സമിതിയുടെ മറ്റു വികസന പ്രവർത്തനങ്ങളുടെ സ്തംഭനാവസ്ഥയും ഉയർത്തികൊണ്ടു വരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.
....................................
എന്നാൽ ഒരുതരത്തിലും നഗരസഭയ്ക്ക് നഷ്ടമുണ്ടാകുന്ന സംഭവമല്ല ഇത്. ഇടിഞ്ഞ ഭാഗം അടക്കം മതിലിന്റെ അടിഭാഗം മുഴുവനും കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്‌സ് ലേബർ സൊസൈറ്റി പുനർനിർമ്മിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. പാർക്കിനായി നിർമ്മിച്ച ട്രഞ്ചിൽ നിന്നും മഴപെയ്ത് വെള്ളം കുത്തനെ ഒഴുകിയതും തൊട്ടടുത്തു നിന്ന വലിയ മരം കടപുഴകി വീണതുമാണ് മതിലിടിച്ചലിന് ഇടയാക്കിയത്. ഇതു ആരുടേയും വീഴ്ച കൊണ്ടല്ല.
- ജയന്തി പ്രവീൺകുമാർ (ചെയർപേഴ്‌സൺ)
........................................
നിർമ്മാണത്തിലെ അപാകതയാണ് മതിൽ ഇടിഞ്ഞു വീഴാൻ കാരണമായത്. ഇതു സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണം. നിർമ്മാണം നടക്കുന്ന സ്ഥലത്ത് നഗരസഭയുടെ ഭാഗത്തു നിന്നും ആരു തിരിഞ്ഞു നോക്കാനുണ്ടായില്ല. മതിലിന്റെ മറ്റു ഭാഗങ്ങളും ഇടിച്ചിൽ ഭീഷണിയിലാണ്.
- പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ