ചാലക്കുടി: ഒന്നര മാസത്തിന് ശേഷം കോടശേരി പഞ്ചായത്ത് വീണ്ടും കൊവിഡ് ഭീഷണി. ബുധനാഴ്ച ഏഴു പേർക്ക് പരിശോധനാ ഫലം പോസിറ്റീവായി. ചൗക്കയിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്കാണ് പുതുതായി വൈറസ് ബാധ. നായരങ്ങാടിയിൽ രണ്ടു ആരോഗ്യ പ്രവർത്തകരിലും രോഗം കണ്ടെത്തി. ഇരുവരും സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ്. പൊന്നാമ്പിയോളിയിലും ഒരു സ്ത്രീയിൽ കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ വീണ്ടും പഞ്ചായത്ത് ആശങ്കയിലായി. രോഗ വ്യാപനത്തെ തുടർന്ന് നേരത്തെ പൊന്നാമ്പിയോളി, ചെമ്പൻകുന്ന്, മേച്ചിറ, ചായ്പ്പൻകുഴി എന്നീ മേഖലകൾ രണ്ടാഴ്ചയോളം അടച്ചിട്ടിരുന്നു. മേലൂരിലെ അടിച്ചിലിയിലും രണ്ടു പേർക്ക് രോഗമുണ്ടായി. പാലാട്ടിക്കുണ്ടിൽ ഒരു വീട്ടിലെ ഭാര്യയ്ക്കും ഭർത്താവിനുമാണ് വൈറസ് ബാധ. ചാലക്കുടി നഗരസഭയിലെ പോട്ടയിൽ ഒരു ജ്വല്ലറി ജീവനക്കാരനിലും രോഗബാധയുണ്ട്.