road

കനത്ത മഴയിൽ അന്തിക്കാട് കാഞ്ഞാണി റോഡിലെ ആൽ സെന്ററിന് സമീപത്തെ വെള്ളക്കെട്ട്.

അന്തിക്കാട്: കനത്ത മഴയെ തുടർന്ന് അന്തിക്കാട് - കാഞ്ഞാണി പി.ഡബ്‌ളിയു.ഡി റോഡിലെ ആൽ സെന്ററിന് സമീപത്തെ വെള്ളക്കെട്ട് തുടർക്കഥയാകുന്നു. ചെറിയ മഴയിൽ പോലും പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടും. റോഡിന്റെ രണ്ടറ്റങ്ങളും ഉയർന്നും ഈ ഭാഗം താഴ്ന്നുമാണ് കിടക്കുന്നത്. റോഡിന്റെ വശങ്ങളിലുണ്ടായിരുന്ന കാനകൾ നികത്തപ്പെട്ടതോടെയാണ് ഇവിടെ വെള്ളക്കെട്ട് പതിവായതെന്ന് പ്രദേശവാസികൾ പറയുന്നു.

വെള്ളക്കെട്ടിൽ റോഡിൽ പലയിടത്തായി ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ കാൽനട യാത്രക്കാരും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവായി. പാന്തോട് സെന്ററിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള പ്രധാന കാനയിലേക്ക് വെള്ളം ഒഴുക്കിവിട്ടാൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരമാവുകയുള്ളുവെന്നും, റോഡിന്റെ താഴ്ന്ന ഭാഗം ഉയർത്തി പുതിയ കാന നിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.