പുതുക്കാട്: പൊതുമരാമത്ത് വകുപ്പ് 20.78 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെ നവീകരിക്കുന്ന കോടാലി വെള്ളിക്കുളങ്ങര റോഡിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. 2.84 കോടി രൂപ ചെലവിൽ നവീകരണം പൂർത്തീകരിച്ച പുതുക്കാട് ചെറുവാൾ റോഡ്, 2.50 കോടി രൂപ ചെലവിൽ പൂർത്തികരിച്ച തൃശൂർ കുഞ്ഞനംപാറ റോഡ് എന്നിവയുടെ സമർപ്പണവും, കോടാലി വെള്ളിക്കുളങ്ങര റോഡിന്റെ നവീകരണ ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ജി. സുധാകരൻ. മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. ചീഫ് വിപ്പ് കെ.രാജൻ മുഖ്യപ്രഭാഷണവും ശിലാഫലകം അനാവരണവും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാ പ്രിയ സുരേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി ശിവരാജ്, ഷീല മനോഹരൻ, ശ്രീജ അനിൽ, മിനി ഉണ്ണിക്കൃഷ്ണൻ, പി.സി. സുബ്രൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ, ഇ.എ. ഓമന, ജയന്തി സുരേന്ദ്രൻ, എക്‌സിക്യൂട്ടിവ് എൻജിനിയർ പി.വി. ബിജി, അസി.എക്‌സിക്യുട്ടിവ് എഞ്ചിനീയർമാർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ, പാഴായി, കോടാലി എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.