കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിൽ കൊവിഡ് ഭേദമായ ആളെയും ക്വാറന്റൈനിൽ കഴിയുന്നയാളെയും കാണാതായി. തമിഴ്‌നാട് തിരുനെൽവേലി സ്വദേശികളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. എറിയാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിക്കുന്ന ആക്രി കച്ചവടക്കാരായ ഇവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ ചികിത്സ കഴിഞ്ഞ് രോഗം ഭേദമായി മടങ്ങിയെത്തിയിരുന്നു. ഇതോടെ ഇയാൾക്കൊപ്പം ഉണ്ടായിരുന്നയാൾ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ബുധനാഴ്ച സ്രവ പരിശോധനയ്ക്ക് ഹാജരാകാൻ ഇയാളോട് നിർദ്ദേശിച്ചിരുന്നു. പരിശോധനയ്ക്ക് എത്താതിരുന്നതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് ഇവർ നാടുവിട്ടതായി അറിഞ്ഞത്.