ചാലക്കുടി: കൊവിഡ് മാനദണ്ഡം ബാങ്കിലെത്തുന്ന ആദിവാസികളെ വലയ്ക്കുന്നു. അതിരപ്പിള്ളി പഞ്ചായത്തിലെ വിവിധ ഊരുകളിലുള്ള ആദിവാസികൾക്കാണ് ദുരിതം. മുപ്പതും നാൽപ്പതും കിലോ മീറ്ററുകൾ സഞ്ചരിച്ച് ബാങ്കിലെത്തുമ്പോഴാണ് തങ്ങളുടെ ഇടുപാടുകൾ മറ്റൊരു ദിവസമാണെന്ന് ഇവർ അറിയുന്നത്. അവസാനത്തെ അക്കം ഒറ്റ സംഖ്യക്കാർക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിലും ഇരട്ടക്കാർക്ക് ചൊവ്വയും വ്യാഴവുമാണ് ഇടപാട് നടത്താൻ കഴിയുക. വെള്ളിയാഴ്ച വയോജനങ്ങൾക്കും. എന്നാൽ ഇതൊന്നും വ്യക്തമായി ധാരണയില്ലാതെ ഇവർ ആകെയുള്ള ഒരു ബസ്സിൽ എത്തുമ്പോഴാണ് ബാങ്കുകാർ കൈ മലർത്തുന്നത്. അരൂർമുഴിയിലെത്തി നിരാശരായി മടങ്ങുന്ന ആദിവാസികളുടെ എണ്ണം കൂടിവരുകയാണ്.