kuthiran
കുതിരാൻ ഗതാഗതപ്രശ്നം സംബന്ധിച്ച റിപ്പോർട്ട്


തൃശൂർ: വാഹനങ്ങൾ ഇടിച്ചാലും തകരാറിലായാലും മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ രാത്രിയും പകലും ഗതാഗതക്കുരുക്കാകും, മണിക്കൂറുകളോളം. ഇന്നലെ പുലർച്ചെ മൂന്ന് കണ്ടെയ്‌നർ ലോറി ഉൾപ്പെടെ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചപ്പോൾ
വാഹനങ്ങളുടെ നിര ആറ് കിലോമീറ്റർ നീണ്ടു. ബുധനാഴ്ച രാത്രി കുതിരാൻ ക്ഷേത്രത്തിന് സമീപം ലോറി കേടായപ്പോൾ ചുവന്നമണ്ണ് മുതൽ വാണിയമ്പാറ വരെ നീണ്ട ഗതാഗതക്കുരുക്ക് അഴിഞ്ഞത് 12 മണിക്കൂറിലേറെ കഴിഞ്ഞാണ്.

മഴയും റോഡിലെ കുഴികളും ഗതാഗതതടസം മുറുക്കി. ട്രാഫിക് നിയന്ത്രണം ലംഘിച്ച് വാഹനങ്ങൾ കുത്തിക്കയറ്റി വരുന്നതോടെ കുരുക്ക് വീണ്ടും മുറുകുകയായിരുന്നു. തൃശൂർ- പാലക്കാട് യാത്രക്കാരും ആശുപത്രിയിലേക്ക് വരുന്നവരും അടക്കമുള്ളവർ കുരുക്കിൽ അകപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ചരക്കുവണ്ടികൾ ഉൾപ്പെടെ ദിവസേന 15,000ത്തിലധികം വാഹനങ്ങളാണ് കുതിരാൻ വഴി കടന്നുപോകുന്നത്. എല്ലാ മഴക്കാലത്തും നിലവിലുള്ള പാത തകരും. സമരവും പ്രതിഷേധവും നടത്തുമ്പോൾ റോഡ് പണി തുടങ്ങും. പാതയിൽ മണ്ണിടിച്ചിലുണ്ടാകുമ്പോൾ വീണ്ടും ഗതാഗതം മുടങ്ങും.

തുറക്കാത്ത തുരങ്കം

കുതിരാൻ തുരങ്കം ഉടൻ തുറക്കുമെന്ന ഉറപ്പുകേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കരാർ കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധിയും അനാസ്ഥയും ജനപ്രതിനിധികളുടെ അലംഭാവവും കാരണം നിർമാണം മുടങ്ങിയത് 26 തവണയാണ്. ഇതുതന്നെയാണ് ആറുവരിപ്പാതയുടെ അവസ്ഥയും. 2009 ആഗസ്റ്റിൽ ഒപ്പുവച്ച കരാർ പ്രകാരം 30 മാസത്തിനുള്ളിൽ ആറുവരിപ്പാത പൂർത്തിയാക്കേണ്ടതായിരുന്നു.

മഴ ശക്തമാകുമ്പോൾ പൂർണമായി കുതിരാൻ പാത തകരും. ഗതാഗതക്കുരുക്ക് കിലോമീറ്ററുകൾ നീളും. അപ്പോൾ വീണ്ടും തുരങ്കം ഉടൻ തുറക്കുമെന്ന വാഗ്ദാനങ്ങൾ വരും.

ആറുവരിപ്പാതാ വികസനത്തിന്റെ ഭാഗമായി 2016 മേയ് 13നാണ് കുതിരാനിൽ ഇരട്ടക്കുഴൽ തുരങ്കം പണി തുടങ്ങിയത്. 2017 ഫെബ്രുവരി 20ന് ഇടതുതുരങ്കം ഏപ്രിൽ 21ന് വലതുതുരങ്കവും രണ്ടറ്റവും കൂട്ടിമുട്ടി. പക്ഷേ, പിന്നെ പണികൾ ഇഴഞ്ഞു. 90 ശതമാനം ജോലികൾ പൂർത്തിയായ ഒരു തുരങ്കം തുറക്കുന്നതിനായി കല്ലു പൊട്ടിക്കൽ നടന്നിരുന്നു. ഗതാഗതം ഉടൻ ആരംഭിക്കാനായിരുന്നു എം.പിമാരും കളക്ടറും സന്ദർശനം നടത്തിയ ശേഷം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനങ്ങൾ നടന്നില്ല.


രണ്ടാഴ്ചയ്ക്കിടെ വീണ്ടും


കഴിഞ്ഞമാസം 26ന് കുതിരാനിൽ ലോറിയും കണ്ടെയ്‌നറും വഴിയിൽ കുരുങ്ങി 5 മണിക്കൂറായിരുന്നു ഗതാഗത തടസ്സം. ഇരുവശങ്ങളിലുമായി കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര നീണ്ടതോടെ കുതിരാൻ തുരങ്കം തുറക്കണമെന്ന ആവശ്യം ശക്തമായി. എന്നാൽ തുരങ്കമുഖത്ത് ചാലെടുത്തിരിക്കുന്നതും സുരക്ഷ സംബന്ധിച്ച് ഉറപ്പില്ലാത്തതും മൂലം അധികൃതർ പ്രഖ്യാപനങ്ങൾ നടത്തിയില്ല.

സുപ്രീംകോടതിയെ സമീപിക്കും

' മണ്ണുത്തി വടക്കുഞ്ചേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു. ഉടൻ റിപ്പോർട്ട് നൽകണമെന്ന് ദേശീയപാത അതോറിറ്റിയുടെ കേരളത്തിലെ റീജ്യണൽ ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്. ഇനിയും ഗതാഗതപ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കും. '

- അഡ്വ. ഷാജി കോടങ്കണ്ടത്ത്