കാഞ്ഞാണി : അപകടാവസ്ഥയിലായ കാഞ്ഞാണി പെരുമ്പുഴ വലിയ പാലം ബലപ്പെടുത്താൻ ധനകാര്യവകുപ്പിന് സമർപ്പിച്ച എസ്റ്റിമേറ്റിന് ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഭരണാനുമതി. സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടി ആരംഭിക്കുമെന്ന് ബ്രിഡ്ജ് അധികൃതർ പറഞ്ഞു.
തൃശൂർ വാടാനപ്പിള്ളി സംസ്ഥാന പാതയിലെ കാഞ്ഞാണി പെരുമ്പുഴ വലിയ പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് സമർപ്പിച്ച 60.60 ലക്ഷം രൂപയ്ക്കുള്ള എസ്റ്റിമേറ്റ് ധനകാര്യ വകുപ്പിന്റെ ഭരണാനുമതി ലഭിക്കാൻ വൈകിയതിനെ തുടർന്ന് കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
റിപ്പോർട്ട് ശ്രദ്ധയിൽപെട്ട മണലൂർ എം.എൽ.എ മുരളിപെരുന്നെല്ലി അടിയന്തര ഇടപെടൽ നടത്തി. ഭരണാനുമതി ലഭിച്ചത് എം.എൽ.എ തന്നെയാണ് കേരളകൗമുദിയെ അറിയിച്ചത്. പെരുമ്പുഴ വലിയപാലത്തിന്റെ തെക്കുവശം ചരിഞ്ഞു നിൽക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എറണാകുളം ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ ഷിജി കരുണാകരൻ, അസി എക്‌സിക്യൂട്ടിവ് എൻജിനീയർ സന്തോഷ് കുമാർ, ചാവക്കാട് സെക്ഷൻ അസി. എൻജിനീയർ രാജൻ എന്നിവർ അപകടസ്ഥലത്തെത്തി വലിയ വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നത് നിരോധിക്കണമെന്ന് കളക്ടർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ബസുകൾ ഉൾപ്പെടെ ഈ പാലത്തിലൂടെ കടന്നുപോയിരുന്നത്. കഴിഞ്ഞമാസം 14നാണ് പാലം ബലപ്പെടുത്താൻ ഭരണാനുമതിക്കായി എസ്റ്റിമേറ്റ് സമർപ്പിച്ചത്. വലിയ വാഹനങ്ങളുടെ നിരോധനം ജനത്തെ ദുരിതത്തിലാക്കിയെങ്കിലും അടിയന്തര പ്രാധാന്യത്തോടെ പാലം ബലപ്പെടുത്താൻ നടപടിയുണ്ടാകുമെന്നുള്ള പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഭരണാനുമതി ലഭിക്കാൻ വൈകിയത് ആശങ്കയിലാഴ്ത്തിയിരുന്നു.
"
കാഞ്ഞാണി പെരുമ്പുഴ പാലം അപകടാസ്ഥയെ തുടർന്ന് ബലപ്പെടുത്താൻ സമർപ്പിച്ച എസ്റ്റിമേറ്റിന് ധനകാര്യ വകുപ്പിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങളിലുണ്ടായ കാലതാമസമാണ് ഉണ്ടായത്. ഫ്‌ളഡ് ഫണ്ടാണ് പാലം ബലപ്പെടുത്താൻ ഉപയോഗിക്കുന്നത്.
മുരളി പെരുന്നെല്ലി
മണലൂർ എം.എൽ.എ
"കാഞ്ഞാണി പെരുമ്പുഴ പാലം ബലപ്പെടുത്താൻ സമർപ്പിച്ച എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ച് ഉത്തരവായി. ഇനി സങ്കേതികാനുമതി ലഭിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ ടെൻഡർ നടപടി പൂർത്തിയാക്കും
സന്തോഷ് കുമാർ
അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ ബ്രിഡ്ജ് വിഭാഗം, തൃശൂർ.