gvr-news
അഷ്ടമി രോഹിണി നാളിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർ

ഗുരുവായൂർ: പിറന്നാൾ ദിനത്തിൽ കണ്ണനെ കാണാൻ ഭക്തജന സഹസ്രങ്ങൾ ഗുരുപവനപുരിയിലെത്തി. ക്ഷേത്രത്തിന് പുറത്തു ദീപസ്തംഭത്തിനു മുമ്പിൽ നിന്നു തൊഴുന്നതിന് പുലർച്ചെ മുതൽ തന്നെ ഭക്തരുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. ക്ഷേത്ര ദർശനത്തിനായി ഓൺലൈനായി ബുക്ക് ചെയ്‌തെത്തിയ ഭക്തരെ രാവിലെ 9.45 ഓടെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചു. രാവിലെ 9.30 മുതൽ 1.30 വരെയും വൈകിട്ട് അഞ്ചുമുതൽ ആറുവരെയും രാത്രി എട്ടു മുതൽ ഒമ്പതുവരെയുമായി ആറു മണിക്കൂറാണ് ദർശനത്തിനു ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.

ഓൺലൈൻ വഴി ബുക്ക് ചെയ്ത 1000 പേർക്കാണ് ദർശനം അനുവദിച്ചത്. ഇതിനു പുറമെ ശ്രീലകത്ത് നെയ് വിളക്ക് ശീട്ടാക്കിയ ഭക്തർക്കും ദർശനം അനുവദിച്ചു. നെയ് വിളക്ക് ശീട്ടാക്കിയ ഭക്തർക്ക് വരി നിൽക്കാതെ നേരിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശനം നൽകി. വൈകിട്ട് ആറ് വരെ ആയിരം രൂപയുടെ നെയ് വിളക്ക് 141 ഭക്തർ ശീട്ടാക്കിയിരുന്നു. ആയിരം രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയാൽ ഒരാൾക്കാണ് പ്രവേശനം നൽകുക. 4500 രൂപയുടെ നെയ് വിളക്ക് 13 ഭക്തരും ശീട്ടാക്കിയിട്ടുണ്ട്. 4500 രൂപയുടെ നെയ് വിളക്കിന് അഞ്ച് പേർക്ക് പ്രവേശനം.

ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്ന ഭക്തരെ കൊടിമരത്തിനു സമീപത്തു കൂടി നാലമ്പല പ്രവേശന കവാടത്തിനു മുന്നിൽ നിന്ന് ദർശനം നടത്തി അയ്യപ്പന്റെ ക്ഷേത്രം വഴിയാണ് പുറത്തേക്ക് വിട്ടിരുന്നത്. ആധാർ കാർഡ് പരിശോധിച്ച ശേഷമാണ് ഭക്തരെ പ്രവേശിപ്പിച്ചിരുന്നത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, ഹൈക്കോടതി ജഡ്ജി ഗോപിനാഥ മേനോൻ തുടങ്ങിയ പ്രമുഖർ ദർശനത്തിന് എത്തിയിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പുലർച്ചെ എത്തി ദീപസ്തംഭത്തിനു മുന്നിൽ കദളിക്കുല സമർപ്പിച്ച് പുറത്തു നിന്നുദർശനം നടത്തി മടങ്ങി.

അഷ്ടമി രോഹിണി ദിനത്തിൽ ക്ഷേത്രത്തിൽ ഏറെ വിവാഹത്തിരക്കും അനുഭവപ്പെട്ടു. ക്ഷേത്ര സന്നിധിയിൽ അറുപത് വിവാഹങ്ങൾ നടന്നു. 60 വിവാഹങ്ങൾ നടത്തുന്നതിനാണ് നിലവിൽ അതുമതിയുള്ളത്. ഗുരുവായൂർ എ.സി.പി: ടി. ബിജു ഭാസ്‌കർ, ടെമ്പിൾ പൊലീസ് ഇൻസ്‌പെക്ടർ സി. പ്രേമാനന്ദകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ക്ഷേത്ര പരിസരത്ത് സുരക്ഷ ഒരുക്കി.