ഗുരുവായൂർ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വരുമാനം ഇല്ലാതായ ക്ഷേത്ര കലാകാരൻമാർക്ക് ഗുരുവായൂർ ദേവസ്വം സഹായധനം നൽകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തിരഞ്ഞെടുക്കപ്പെടുന്ന 500 കലാകാരൻമാർക്ക് 3000 രൂപ വീതമാണ് സഹായധനമായി നൽകുക. ജില്ലയിലെ 200 പേർക്കും സംസ്ഥാനത്തെ മറ്റു ജില്ലകളിൽനിന്ന് 300 പേർക്കുമായി മൊത്തം 500 പേർക്കാണ് സഹായധനം നൽകുക. ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി.