divanji

തൃശൂർ: സ്വപ്‍ന പദ്ധതിയെന്നു വിശേഷിപ്പിച്ചു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘടനം ചെയ്ത ദിവാൻജിമൂല മേൽപ്പാലത്തിലൂടെ ഉള്ള യാത്ര യഥാർത്ഥ്യമാകാൻ ഇനിയും നാളുകളെടുക്കും. നിരവധി പണികൾ ഇനിയും പൂർത്തിയാക്കാൻ ഉള്ളപ്പോഴാണ് പാലത്തിനു നടുവിൽ പന്തൽ കെട്ടി മുഖ്യമന്ത്രി ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ചത്! തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാൻ സാധ്യതയുണ്ടെന്ന് കണ്ട് ഒരു മുഴം മുമ്പ് വടിയെറിഞ്ഞു ചടങ്ങ് നടത്തിയെങ്കിലും ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

അപ്രോച്ച് റോഡിന്റെ ടാറിംഗ് പോലും ആരംഭിച്ചിട്ടില്ല. പാലം നിർമ്മാണത്തിന്റെ ക്രെഡിറ്റ് രണ്ട് മുന്നണികളും അവകാശപ്പെട്ട് രംഗത്തുണ്ട്. പാലം നിർമ്മിക്കാൻ ആവശ്യമായ തുകയായ 6.5 കോടി റെയിൽവേയിൽ കെട്ടിവെച്ചു നിർമ്മാണ പ്രവർത്തനത്തിന് വിത്ത് പാകിയെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോൾ പദ്ധതി പൂർത്തിയാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിയെന്ന് ഇടതു പക്ഷവും അവകാശപ്പെടുന്നു. നിർമ്മാണം പൂർത്തിയാകാതെ ഉദ്ഘാടനം നടത്തി ജനത്തെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങ് കോൺഗ്രസ്‌ ബഹിഷ്കരിച്ചിരുന്നു. ബി.ജെ.പി ചടങ്ങിൽ പങ്കെടുത്തു. പ്രദേശത്തെ ഏറ്റവും കൂടുതൽ കുരുക്ക് അനുഭപ്പെടുന്ന വഞ്ചിക്കുളം റോഡിലേക്ക് പോകുന്ന വളവിലെ കുഴികൾ പോലും അടച്ചിട്ടില്ല. അപ്രോച്ച് റോഡ് ആകെ തകർന്ന് കിടക്കുകയാണ്. ഇതിനിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും കൂടിയായതോടെ റോഡിന്റെ നില പരിതാപകാരമാണ്. മഴ തുടരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ പണികൾ ഇനിയും വൈകും.

ഇനി പൂർത്തിയാകാനുള്ളവ പ്രധാന പണികൾ

അപ്രോച്ച് റോഡ് ടാറിംഗ്

തെരുവ് വിളക്കുകൾ

ട്രാഫിക് സിഗ്നൽ സ്ഥാപിക്കൽ

കൈവരികൾ സ്ഥാപിക്കൽ

മേൽപ്പാലത്തിൽ ഗ്രിൽ സ്ഥാപിക്കൽ