flatt-samuchayam
പ്രളയം തകർത്ത 14 കുടുംബങ്ങൾക്ക് പെരിഞ്ഞനം പഞ്ചായത്തും റോട്ടറി ക്ലബും സംയുക്തമായി നിർമ്മിച്ചു നൽകുന്ന ഫ്ലാറ്റ് സമുച്ചയം

കയ്പമംഗലം: 2018ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട 14 കുടുംബങ്ങൾക്ക് പെരിഞ്ഞനം പഞ്ചായത്ത് നൽകിയ ഭൂമിയിൽ റോട്ടറി ക്ലബ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം ഇന്ന് രാവിലെ 9.30ന് കുറ്റിലക്കടവ് ഫ്‌ളാറ്റ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി മൊയ്തീൻ ജില്ലാ കളക്ടർ എസ്. ഷാനവാസിന് കൈമാറും. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനാകും. പെരിഞ്ഞനം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കനോലി കനാലിനോട് ചേർന്ന് 60 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് റോട്ടറി ക്ലബിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ വീട് നിർമ്മിക്കുന്നത്.

2019 സെപ്റ്റംബർ 23ന് പദ്ധതിയുടെ തറക്കല്ലിടൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ഡയറക്ടർ ഡോ. ശങ്കർ രൂപകല്പന ചെയ്ത വീടുകൾ ഓരോന്നും 530 ചതുരശ്ര അടി വീതമാണ്. നാല് ഇരുനില കെട്ടിടവും ഇതിൽ ഉൾപ്പെടും. രണ്ട് ബെഡ് റൂം, അറ്റാച്ച്ഡ് ബാത്ത് റൂം, വരാന്ത, അടുക്കള, ബാൽക്കണി എന്നീ സൗകര്യങ്ങളുള്ള വീടുകളിൽ വൈദ്യുതീകരണം അടക്കമുള്ള പണികളും ഹാബിറ്റാറ്റ് തന്നെയാണ് പൂർത്തിയാക്കിയത്.