തൃശൂർ : കോൾ നിലങ്ങളിൽ കൃഷിയിറക്കുന്നതിനുള്ള മുന്നൊരുക്കം ആരംഭിച്ചതിനിടയിൽ മഴ ശക്തമായി പെയ്തതോടെ വിത്തിറക്കിയത് നശിച്ചു പോകുമോയെന്ന് ആശങ്ക. പ്രധാന കോൾ മേഖലയായ ചേനം ജൂബിലി തേവർ പടവ്, ആലപ്പാട് -പുള്ള്, മനക്കൊടി, കാഞ്ഞാണി, അന്തിക്കാട്, ഏനാമാവ് ഭാഗങ്ങളിൽ എല്ലാം തന്നെ കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ്. ചില പാടശേഖരങ്ങളിൽ വിത്തിറക്കി കഴിഞ്ഞു. മഴ കൂടിയാൽ ഇത് നശിച്ച് പോകുമോയെന്ന ആശങ്കയുണ്ട്. കോൾ മേഖലയിൽ കൃഷിയിറക്കുന്നതിന്റെ ഭാഗമായി വെള്ളം കളയുന്നതിനായുള്ള പമ്പിംഗ് എതാനും ദിവസം മുമ്പ് ആരംഭിച്ചിരുന്നു. എന്നാൽ മഴ ശക്തമാകുന്നത് കൃഷിയിറക്കാൻ കാലതാമസം വരുത്തിയേക്കുമെന്ന് കർഷകർ പറയുന്നു.
അതിനിടെ വടക്കൻ മേഖലയിൽ വിരിപ്പ് കൃഷിയിറക്കിയ കർഷകർ കൊയ്‌തെടുത്ത നെല്ല് വിൽക്കാൻ കഴിയാതെ നട്ടം തിരിയുകയുമാണ്. പല സ്ഥലങ്ങളിലും വിരിപ്പു കൃഷിയുടെ കൊയ്ത്തും നടക്കുന്നുണ്ട്. കടങ്ങോട്, എരുമപ്പെട്ടി, ചേലക്കര മേഖലകളിലാണ് വിരിപ്പു കൃഷിയിറക്കി കൊയ്‌തെടുത്തിട്ടും വിൽപ്പന നടത്താനാകാത്ത അവസ്ഥയുള്ളത്.
കൊയ്‌തെടുത്ത നെല്ല് മുഴുവൻ ഒന്നിച്ച് മൂടിയിട്ടിരിക്കുകയാണ്. മഴ പെയ്ത് ഈർപ്പം കൂടിയാൽ കൊയ്‌തെടുത്ത നെല്ല് മുളയ്ക്കുമോയെന്ന ആശങ്കയുണ്ട്. വെബ്‌സൈറ്റ് തകരാറിലായതിനെ തുടർന്ന് സ്‌പ്ലൈകോയുടെ നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ മുടങ്ങിയതും കർഷകരെ വലയ്ക്കുന്നു.
രജിസ്‌ട്രേഷൻ നടപടികൾ തകരാറിലായതോടെ സ്വകാര്യ മില്ലുടമകൾ ഇത് മുതലെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. സപ്ലൈകോ നൽകുന്നതിനേക്കാൾ വില കുറച്ച് ഇവരുടെ എജന്റുമാർ നെല്ല് വാങ്ങുകയാണ്. ആഴ്ചകളായി തകരാറിലായ വെബ്‌സൈറ്റ് ഇന്നലെ മുതൽ പ്രവർത്തനക്ഷമമായെങ്കിലും നടപടി പൂർത്തിയാകാൻ ഇനിയും ദിവസങ്ങളെടുത്തേക്കും. രജിസ്‌ട്രേഷൻ തകരാറിനെ തുടർന്ന് കർഷകർ പാഡി ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ ഒരു പരിധി വരെ ശരിയായത്.
വിരിപ്പു കൃഷിയിറക്കിയ പ്രധാന സ്ഥലങ്ങൾ
കടങ്ങോട്, എരുമപ്പെട്ടി, ചിറ്റണ്ട, ചേലക്കര
" നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തകരാർ ഇന്നലെ പരിഹരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തവർ ഇത്തവണ വീണ്ടും രജിസ്റ്റർ ചെയ്യേണ്ട. എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ കൃഷിഭവനുമായി ബന്ധപ്പെടണം.
ജില്ലാ പാഡി ഓഫീസർ
" കോൾ മേഖലയിൽ കൃഷി ഇറക്കുന്നതിന് വിവിധ പടവുകളിൽ പമ്പിംഗ് നടക്കുകയാണ്. കോൾച്ചാലുകളിൽ ജല വിതാനം ഉയർന്നത് മൂലം പമ്പിംഗ് നിറുത്തി വയ്ക്കേണ്ട സാഹചര്യമാണ്. ഏനാമാവ് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഭൂരിഭാഗവും അടഞ്ഞു കിടക്കുകയാണ്. കോൾച്ചാലുകളിൽ ചണ്ടി കുളവാഴ തിങ്ങി നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിരിക്കുന്നു. ഏനാമാവ്, ഇടിയൻചിറ, കൂത്തുമാക്കൽ എന്നീ റെഗുലേറ്ററുകളിലെ ഷട്ടറുകൾ പൂർണ്ണമായും തുറന്നുവയ്ക്കണം.
കെ. കെ. കൊച്ചു മുഹമ്മദ്
കോൾ കർഷക സംഘം പ്രസിഡന്റ്
മഴക്കുറവ് 20 ശതമാനം
തൃശൂർ : കഴിഞ്ഞ നാലു ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് ജില്ലയ്ക്ക് ലഭിക്കേണ്ട മഴയിൽ ഇരുപത് ശതമാനത്തിന്റെ കുറവ്. രണ്ടാഴ്ച്ച മുമ്പ് വരെ 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. മഴയിൽ കനത്ത നാശം ഉണ്ടായിട്ടില്ലായെന്നത് ആശ്വാസം നൽകുന്നു. മഴമാപിനിയിൽ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് ജില്ലയിൽ കൂടുതൽ മഴ ലഭിച്ചത് വടക്കാഞ്ചേരിയിലാണ്. അതേ സമയം പ്രളയ ശേഷം ചാലക്കുടി, പെരിങ്ങൽകുത്ത് മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള മഴമാപിനിയിൽ എട്ട് സെന്റിമീറ്ററോളം മഴ ലഭിച്ചിട്ടുണ്ട്.
മഴ തുടരും
നിലവിലുള്ള ന്യൂനമർദ്ദത്തിന്റെ അടിസ്ഥാനത്തിൽ മഴ അടുത്ത ആഴ്ച വരെ തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. 13 ന് ശേഷം ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെട്ട് വരുന്നതിന്റെ ഭാഗമായും മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്. മലയോര പ്രദേശങ്ങളിൽ ഇടിയോട് കൂടിയുള്ള മഴയ്ക്കും സാദ്ധ്യതയുണ്ട്. എന്നാൽ അതിതീവ്രമഴയ്ക്ക് സാദ്ധ്യതയില്ലെന്നും കാലാവസ്ഥാ അധികൃതർ പറഞ്ഞു.
ലഭിക്കേണ്ട മഴ
2086 മില്ലി മീറ്റർ
ലഭിച്ചത് 1670 മില്ലി മീറ്റർ
ഉച്ചവരെ പ്രധാന സ്ഥലങ്ങളിൽ ലഭിച്ച മഴ
വടക്കാഞ്ചേരി 6.7 സെന്റി മീറ്റർ
കുന്നംകുളം 5.8
ഏനാമാക്കാൽ 3.3
കൊടുങ്ങല്ലൂർ 1.4
ചാലക്കുടി 1.5
വെള്ളാനിക്കര 2.8