നന്തിക്കര: ചികിത്സയിലിരിക്കെ മരിച്ച കുണ്ടായിൽ പരേതനായ വിശ്വംഭരന്റെ മകൻ രാജന് (58) കൊവിഡ് സ്ഥിരീകരിച്ചു. നന്തിക്കര സെന്ററിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയാണ്. കരൾ രോഗത്തിന് ചികിത്സയിലായിരുന്ന രാജനെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോകോൾ മാനദണ്ഡം പാലിച്ച് സംസ്‌കാരം നടത്തി. ഭാര്യ: ജ്യോതി ലക്ഷ്മി. മക്കൾ: വിഷ്ണു, അക്ഷയ്. അമ്മ: പത്മാവതി. രാജൻ വ്യാഴാഴ്ച സന്ദർശിച്ച നന്തിക്കരയിലെ ദേശസാത്കൃത ബാങ്കിന്റെ ശാഖ ഇന്നലെ രാവിലെ അടച്ചു പൂട്ടി. അടുത്ത 14 ദിവസത്തേക്ക് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. ഇനി മറ്റു ശാഖകളിൽ നിന്നുള്ള ജീവനക്കാരെയെത്തിച്ച് തിങ്കളാഴ്ച മുതൽ ബാങ്ക് തുറന്നുപ്രവർത്തിക്കും. രാജന്റെ ഭാര്യയും മക്കളും അടക്കം 30 ഓളം പേർ നിരീക്ഷണത്തിലാണെന്ന് പറപ്പൂക്കര പഞ്ചായത്ത് മെഡിക്കൽ ഓഫീസർ അറിയിച്ചു.