udgadanam
പുതുക്കാട് സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ ജല ശുചീകരണശാലയും സംഭരണിയും ഉൾപടെയുള്ള കോംപ്ലക്‌സ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തുറന്നുകൊടുക്കുന്നു.

പുതുക്കാട്: നബാർഡിന്റെയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സാമ്പത്തിക സഹായത്തോടെ പുതുക്കാട്, പറപ്പൂക്കര, അളഗപ്പനഗർ പഞ്ചായത്തുകൾക്കു വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതി നാടിന് സമർപ്പിച്ചു. വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. കേരള ജല അതോറിറ്റി മദ്ധ്യമേഖല ചീഫ് എൻജിനിയർ എം. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജല അതോററ്റി ബോർഡ് അംഗം അഡ്വ.കെ. മുരുകദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാ പ്രിയ സുരേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി ശിവരാജൻ, കെ. രാജേശ്വരി, കാർത്തിക ജയൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ, സുപ്രണ്ടിംഗ് എൻജിനിയർ പൗളി പീറ്റർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പദ്ധതി പ്രവർത്തനങ്ങൾക്ക് കാൽ നൂറ്റാണ്ടിന്റെ പഴക്കം

11.35 കോടി രൂപ ചെലവിട്ട് പൂർത്തീകരിച്ച പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് കാൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ദേശീയ പാതയുടെ കിഴക്കുവശത്തുള്ള ചീനിക്കുന്നിൽ ജല അതോറിറ്റിയുടെയും ഗ്രാമ പഞ്ചായത്തിന്റെയും കൈവശമുള്ള സ്ഥലത്ത് സ്ഥാപിക്കാനുദ്ദേശിച്ച ജല ശുചീകരണ പ്ലാന്റിന്റെ നിർമ്മാണത്തിന് സ്വകാര്യ വ്യക്തി എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് പദ്ധതി നടക്കാതിരുന്നത്. സ്വാമിയാർകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്ത് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുണ്ടായ സ്ഥലത്താണ് ആധുനിക രീതിയിലുള്ള ജല ശുചീകരണശാലയും ആറ് ദശലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയും സ്ഥാപിച്ച് പദ്ധതി യാഥാർത്ഥ്യമാക്കിയത്.