വാടാനപ്പള്ളി: വെള്ളിയാഴ്ച വാടാനപ്പള്ളിയിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ തളിക്കുളം, വാടാനപ്പിള്ളി എന്നിവിടങ്ങളിലെ ഏഴ് പേർക്ക് വീതവും ഒരു ഏങ്ങണ്ടിയൂർ സ്വദേശിനിക്കും കൊവിഡ് ബാധ കണ്ടെത്തി. വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ടെസ്റ്റിൽ വലപ്പാട്, എടത്തിരുത്തി എന്നിവിടങ്ങളിൽ നിന്നായി രണ്ടു പേർ പൊസിറ്റീവായി. ഏങ്ങണ്ടിയൂരിൽ വൃക്ക രോഗിയായ എട്ടാം വാർഡ് സ്വദേശിയുടെ ഭാര്യക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
തളിക്കുളത്ത് മൂന്നാം വാർഡിൽ ഒരു കുടുംബത്തിലെ രണ്ട് പേർക്കും വാർഡ് നാലിൽ വ്യത്യസ്ത കുടുംബങ്ങളിൽ നിന്നായി അഞ്ച് പേർക്കുമാണ് രോഗ ബാധ. നേരത്തെ കൊവിഡ് ബാധിതനായ ചേറ്റുവ ഹാർബറിലെ മത്സ്യ കയറ്റിറക്ക് തൊഴിലാളിയുടെ കുടുംബാംഗങ്ങളാണ് മൂന്നാം വാർഡിൽ ഇന്നലെ പൊസിറ്റീവായത്. തളിക്കുളം നാലാം വാർഡിൽ നേരത്തെ കോവിഡ് ബാധിതരായ കുടുംബത്തിന്റെ അയൽ വാസികൾ ഉൾപ്പെടെയുള്ളവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.