shanavas

തൃശൂർ: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മരുന്ന്, ചികിത്സ, ഭക്ഷണം, വിശ്രമം തുടങ്ങി അടിസ്ഥാന ആവശ്യം ഉറപ്പാക്കാനായി തുടങ്ങിയ വയോക്ഷേമ കാൾ സെന്റർ ശേഖരിച്ചത് ജില്ലയിലെ 4.25 ലക്ഷം വയോജനങ്ങളുടെ പേരും ഫോൺ നമ്പറും. 60 വയസിന് മുകളിലുള്ളവർക്ക് പരാശ്രയം കൂടാതെ സൗകര്യങ്ങൾ വാതിൽക്കൽ എത്തിക്കാനാണ് ലക്ഷ്യം.

അയ്യന്തോൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രത്യേകം സജ്ജമാക്കിയ സോഫ്ട്‌വെയർ ഉപയോഗിച്ചുള്ള സംവിധാനത്തോടെയാണ് സെന്റർ പ്രവർത്തിക്കുന്നത്. ജില്ലാതല വയോജന സെൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ വനിതാ ശിശുവികസന വകുപ്പ് (ഐ.സി.ഡി.എസ്), ആരോഗ്യവകുപ്പ്, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ (വയോമിത്രം), കുടുംബശ്രീ മിഷൻ, മെയിന്റനൻസ് ട്രൈബ്യൂണൽ ( തൃശൂർ, ഇരിങ്ങാലക്കുട ) എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് കാൾ സെന്റർ ആരംഭിച്ചത്.

വയോജന സംരക്ഷണത്തിനായി ബോധവത്കരണ പ്രവർത്തനം, പ്രതിരോധ പ്രവർത്തനം എന്നിവയും പരിഗണനയിലുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള എല്ലാ വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്കും, ജീവനക്കാർക്കും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ആന്റിജൻ ടെസ്റ്റ് നടത്തിവരികയാണ്. സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള രാമവർമ്മപുരം അഗതിമന്ദിരത്തിലെ അന്തേവാസികളായ മുതിർന്ന പൗരന്മാരെ നേരിൽവിളിച്ച് ആരോഗ്യകാര്യങ്ങളും, സ്‌നേഹാന്വേഷണവും നടത്തി കളക്ടർ എസ്. ഷാനവാസ് ഉദ്ഘാടനം നിർവഹിച്ചു.

പ്രവർത്തനം

എല്ലാ ദിവസവും ജില്ലയിലെ വിവിധ യൂണിറ്റുകളിലെ വയോജനങ്ങളെ നേരിൽ വിളിച്ച് സംസാരിക്കും. ലഭ്യമാകുന്ന കാളുകളും പരാതികളും പരിശോധിച്ച് വിവരം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ആരോഗ്യം, ഐ.സി.ഡി.എസ്, കുടുംബശ്രീ, വയോമിത്രം, പൊലീസ് വകുപ്പുകൾക്ക് കൈമാറി തുടർനടപടി സ്വീകരിക്കും. കാൾ സെന്ററിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി അദ്ധ്യാപകർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, അംഗനവാടി വർക്കർ, എം.എസ്.ഡബ്‌ള്യു വിദ്യാർത്ഥികൾ, സന്നദ്ധസേനാ പ്രവർത്തകർ എന്നിവരെ കാൾ സെന്റർ വോളന്റിയർമാരായി നിയോഗിച്ചിട്ടുണ്ട്.

സമയം: രാവിലെ 8 മുതൽ രാത്രി 8 വരെ

കാൾ സെന്ററിലുള്ളത്: രണ്ട് ഷിഫ്റ്റുകളിലായി 10 പേരടങ്ങുന്ന വോളന്റിയർ സംഘം

വിവരങ്ങൾക്ക് 0487 2224050 (ജില്ലാ വയോക്ഷേമ കോൾ സെന്റർ)

"റിവേഴ്‌സ് ക്വാറന്റൈനിലുള്ളവർക്ക് മാത്രമല്ല, എല്ലാ വയോജനങ്ങൾക്കും കരുതൽ നൽകാനാണ് ലക്ഷ്യം. ശേഖരിച്ച ഫോൺ നമ്പറുകളിൽ വിളിച്ച് വളന്റിയർമാർ വിവരങ്ങൾ ചോദിച്ചറിയും. കാൾ സെന്ററിലേക്ക് വരുന്ന ഫോൺവിളികൾക്കും സേവനം ഉറപ്പാക്കും.


കെ.ജി രാഗപ്രിയ, ജില്ലാ സാമൂഹിക നീതി ഓഫീസർ ഇൻ ചാർജ് , നോഡൽ ഓഫീസർ