മണ്ണുത്തി: ദേശീയപാത മുടിക്കോട് സെന്ററിൽ പ്രധാന പാതയിൽ പാർക്ക് ചെയ്ത ചരക്ക് ലോറിക്ക് പിറകിൽ കണ്ടെയ്‌നർ ലോറി ഇടിച്ച് കാബിനിൽ കുടുങ്ങിയ ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു അപകടം. കൊച്ചിയിൽ നിന്നും യന്ത്രസാമഗ്രികൾ കയറ്റി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ലോറി ഡ്രൈവർ എറണാകുളം സ്വദേശി സിജുവിനെയാണ് ചരക്ക് ലോറിക്ക് പിറകിൽ ഇടിച്ച് തകർന്ന കാബിനുള്ളിൽ നിന്നും രാത്രിയിൽ രക്ഷപ്പെടുത്തിയത്.
സംഭവം അറിഞ്ഞ ഉടൻ ഹൈവേ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ക്രെയിൻ എത്തിച്ച് റോഡിൽ കുടുങ്ങിയ വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കോട്ടയത്ത് നിന്നും ടയർ കയറ്റി ആന്ധ്രയിലേക്ക് പോകുകയായിരുന്ന ലോറി ഡ്രൈവർ കർണാടക സ്വദേശി ബസവരാജ് ഉറക്കക്ഷീണം വന്നതോടെ മറ്റു വണ്ടികൾക്കൊപ്പം മുടിക്കോട് സെന്ററിലെ പ്രധാന പാതയിൽ നിറുത്തി മുഖം കഴുകി വാഹനം എടുക്കുന്നതിനിടെയാണ് പിറകിൽ കണ്ടെയനർ ലോറി ഇടിച്ചത്.
അതേദിശയിൽ കൊച്ചിയിൽ നിന്നും ചരക്കുമായി വന്നിരുന്ന കണ്ടെയ്‌നർ ലോറി നിറുത്തിയിട്ട വാഹനം ശ്രദ്ധയിൽ പെടാതെ ഇടിച്ചതാണ് അപകടകാരണം. കഴിഞ്ഞ ദിവസം കാറിടിച്ച് മാടക്കത്തറ സ്വദേശിക്ക് ഇതേ സ്ഥലത്ത് വച്ച് ജീവൻ നഷ്ടപ്പെട്ടിരുന്നു.