weight

മിന്നൽ പരിശോധന നടത്തും

തൃശൂർ: ജില്ലയിൽ റേഷൻകടകളിലേക്ക് ആവശ്യമായ തൂക്കത്തിന് അരിയും ഗോതമ്പും നൽകുന്നില്ലെന്ന് പരാതി വ്യാപകമാകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റേഷൻ കടകളിൽ മിന്നൽ പരിശോധനയ്ക്ക് ഒരുങ്ങി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. കഴിഞ്ഞ ദിവസം സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി.രമേശ് മൂന്ന് താലൂക്ക് ഗോഡൗണുകളിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട്‌ അടുത്ത ദിവസം നൽകും. തലപ്പള്ളി, മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിലെ ഗോഡൗണുകളിലാണ് പരിശോധന നടത്തിയത്. ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിലെ ഗോഡൗണുകൾ അടുത്തടുത്താണ് പ്രവർത്തിക്കുന്നത്. ഇതിൽ മുകുന്ദപുരത്തെ ഗോഡൗണിലാണ് വ്യത്യാസം കണ്ടെത്തിയത്. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇതര താലൂക്കുകളിലും മിന്നൽ പരിശോധന നടത്തുവാനും പദ്ധതിയുണ്ട്.

നേരത്തെ മണ്ണുത്തിയിൽ റേഷൻകടയിലേക്ക് സാധനങ്ങൾ ഇറക്കുന്നതിനിടെ നടത്തിയ പരിശോധനയിൽ തൂക്കക്കുറവ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പുരോഗമിക്കവേയാണ് താലൂക്ക് ഗോഡൗണുകളിൽ മിന്നൽ പരിശോധന നടത്തിയത്. ആവശ്യമായ തൂക്കം റേഷൻകടകളിൽ ലഭിക്കുന്നില്ലെന്ന പരാതി റേഷൻകടക്കാർക്ക് നേരത്തെയുണ്ട്. ഗോഡൗണുകളിൽ എത്തുന്ന അരി അടക്കം തൂക്കി നോക്കാത്തതിനാലാണ് റേഷൻകടകളിലേക്കും തൂക്കി നൽകാത്തതെന്നാണ് പരാതി. വിവിധ കേന്ദ്രങ്ങളിൽ ഇത് സംബന്ധിച്ച പരാതി നൽകിയെങ്കിലും നടപടി എടുക്കാത്ത പശ്ചാത്തലത്തിലാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന് കടക്കാർ പരാതി നൽകിയത്.

ചാക്കിൽ കൃത്യത ഇല്ല

ഭക്ഷ്യ ഭദ്രത നിയമം അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിച്ച് ഭക്ഷ്യവസ്തുക്കളുടെ അളവ് കൃത്യമായിരിക്കണമെന്നാണ് നിയമം. എന്നാൽ, പഴകിയ ചാക്കിൽ കൃത്യത ഇല്ലാതെ സാധനങ്ങൾ നൽകുകയാണ് പതിവ്. പ്രത്യേക ചാക്കുകളിൽ വിവിധ തൂക്ക വ്യത്യാസത്തിൽ സ്വകാര്യ മില്ലുകളിൽ നിന്നും ലഭിക്കുന്ന തരത്തിൽ ഭഷ്യവസ്തുക്കൾ നൽകണമെന്ന ആവശ്യം നേരത്തെയുണ്ട്. ഇത് അംഗീകരിക്കാൻ പൊതു വിതരണ വകുപ്പ് ഇതുവരെ തയാറായിട്ടില്ല. വാതിൽപടി കരാറിൽ ഇലക്ട്രോണിക് ത്രാസ് ഉപയോഗിച്ച് തൂക്കി നൽകണമെന്ന മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച തുടരുകയാണ്. ഒപ്പം ഇവ കൊണ്ടുപോകുന്നതിന് കരാർ നൽകുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം വേണമെന്ന കാര്യത്തിലും നടപടി ഉണ്ടായിട്ടില്ല.