മണ്ണുത്തി: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത കുതിരാനിലെ കുഴികൾ അടയ്ക്കുന്നതിൽ കരാർ കമ്പനി മൗനം പാലിക്കുമ്പോൾ മാതൃകാപ്രവർത്തനവുമായി പൊലീസ് രംഗത്ത്. കുതിരാനിലെ കുഴികൾ മൂലം ഉണ്ടാകുന്ന കുരുക്ക് അഴിക്കുന്നതിന്റെ കൂടി ഭാഗമായാണ് കനത്ത മഴയെ പോലും വകവയ്ക്കാതെ കുഴികൾ നികത്താൻ പൊലീസ് ഇറങ്ങിയത്. പീച്ചി പൊലീസും ഹൈവേ പൊലീസും ചേർന്നാണ് ഉദ്യമം നടത്തിയത്.
കുതിരാനിൽ ഇരുമ്പുപാലത്തിനടുത്ത് വില്യം വളവിലെ വൻ ഗട്ടറുകളാണ് മെറ്റലിട്ട് പൊലീസ് സേന അടച്ചത്. പീച്ചി സി.ഐ എസ്. ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള പൊലീസുകാരാണ് ഇന്നലെ കുഴികൾ അടച്ച് മാതൃക കാട്ടിയത്. കുതിരാനിലൂടെ സഞ്ചരിക്കുന്ന ചരക്ക് വാഹനങ്ങൾക്ക് ഉൾപ്പെടെ ഇത് സഹായകമാകുമെന്ന് കരുതുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൻ വെള്ളക്കെട്ട് ഒഴിവാക്കാനും കുഴികൾ അടയ്ക്കാനും കരാർ കമ്പനി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.