തൃശൂർ: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ അടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
ജില്ലാ ആസ്ഥാനത്ത് നിന്ന് ആരംഭിച്ച മാർച്ച് കമ്മിഷണർ ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറിച്ചിട്ട് പ്രവർത്തകർ മുന്നോട്ട് നീങ്ങിയതോടെ പൊലീസ് പ്രതിരോധിച്ചു. തുടർന്ന് 15 മിനിറ്റോളം ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. കണ്ണിന് പരിക്കേറ്റതിനെ തുടർന്ന് ഗോപാലകൃഷ്ണൻ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വർണ കള്ളക്കടത്തുകാരുടെ വിളനിലമായി കേരളം മാറിയെന്നും ഇതിന് എല്ലാ ഒത്താശയും ചെയ്ത് കൊടുത്ത മന്ത്രി ജലീൽ രാജി വയ്ക്കുംവരെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ അദ്ധ്യക്ഷനായി. പാലക്കാട് മേഖല ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, ജില്ലാ ട്രഷറർ സുജയ്‌സേനൻ, തൃശൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെൽ കോ- ഓർഡിനേറ്റർ പി.എസ്. അനിൽകുമാർ, കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. അജിഘോഷ്, ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്, ഉപാദ്ധ്യക്ഷന്മാരായ പ്രശാന്ത്, സജീവൻ അമ്പാടത്ത്, ഒല്ലൂർ മണ്ഡലം പ്രസിഡന്റ് പ്രനീഷ്, ചാലക്കുടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, കയ്പമംഗലം മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ട്പടി, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത് കണ്ണായി, ന്യൂനപക്ഷ മോർച്ച ജില്ലാ അദ്ധ്യക്ഷൻ ടോണി ചാക്കോള, മഹിളാമോർച്ച തൃശൂർ മണ്ഡലം പ്രസിഡന്റ് ഉഷ മരുതൂർ, സെക്രട്ടറി ഭാഗീരഥി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ചിന് നേരെ ജലപീരങ്കി
തൃശൂർ: മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അഞ്ച് പ്രവർത്തകർക്ക് പരിക്കേറ്റു. ബാരിക്കേഡുകൾ മറിച്ചിട്ട് മുന്നോട്ടു നീങ്ങിയ പ്രവർത്തകർക്ക് നേരെ രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പരിക്കേറ്റ തൃശൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ജിജോ മോൻ ജോസഫ്, വാണി പ്രയാഗ്, ആൽവിൻ തോമസ്, കെ.യു നിത്യാനന്ദൻ, നിഷാദ് തലശ്ശേരി എന്നിവർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് നേതാക്കൾ അറിയിച്ചു. അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. ഒ.ജെ ജനീഷ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്റർ ഷോൺ പെല്ലിശ്ശേരി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുബിൻ, അഭിലാഷ് പ്രഭാകർ, പി.എൻ വൈശാഖ്, ജില്ലാ വൈസ് പ്രസിഡൻ്റ് ജെലിൻ ജോൺ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോമോൻ കൊള്ളന്നൂർ, എച്ച്. എം നൗഫൽ, ലിൻസൻ തിരൂർ, പി. കെ ശ്യാം കുമാർ, പ്രതീഷ് കുമാർ, സുധി തട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.