narayanan

തൃശൂർ: കോലഴി നാരായണ സ്ട്രീറ്റിലേക്ക് ഇറങ്ങി അബദ്ധവശാൽ നാരായണാ എന്ന് വിളിച്ചാൽ, വിളി കേൾക്കാൻ നിരവധി പേരെത്തും. ഓരോ വീട്ടിൽ നിന്നും ഓരോ നാരായണന്മാർ. സർവത്ര നാരായണ മയമാണ് ഇവിടെ. അതാണ് നാരായണന്മാർ വാഴുന്ന നാരായണ സ്ട്രീറ്റിന്റെ മാഹാത്മ്യം. ഇവർ ഒരു കുടുംബക്കാരല്ല, ഒരേ ദേശക്കാരുമല്ല. എന്നിട്ടും ഓരോ വീട്ടിലും നാരായണനുണ്ട്. തൃശൂർ കോലഴി ഡോക്ടർപടി ബസ് സ്റ്റോപ്പിൽ നിന്ന് ഏകദേശം 100 മീറ്റർ നടന്നാൽ നാരായണ സ്ട്രീറ്റായി. കോലഴിയിലെ പുരാതന കുടുംബമായ കോലഴി മഠം പണ്ടേയുള്ളതാണ്. ഇപ്പോൾ താമസിക്കുന്നത് ഇളയ അംഗമായ ഗോപാലകൃഷ്ണ അയ്യർ. ആ വീട്ടിലുള്ളത് അദ്ദേഹത്തിന്റെ മകൻ അനന്ത നാരായണൻ. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ.

അയൽവക്കത്ത് താമസിക്കുന്നത് തിരുവനന്തപുരം കിളിമാനൂർ സ്വദേശി പട്ടത്താനത്ത് മഠത്തിൽ ശങ്കര നാരായണൻ പോറ്റി. അത്താണി സി-മെറ്റിലെ ജീവനക്കാരനായ ഇയാൾ പതിനാറ് വർഷമായി കുടുംബസമേതം സ്ഥിരതാമസം ഇവിടെയാണ്. ജില്ലയിലെ വരന്തരപള്ളിയിൽ നിന്ന് ഇവിടെ സ്ഥിരതാമസമാക്കിയത് കുമരഞ്ചിറ മഠത്തിൽ നാരായണൻ കർത്തായാണ്. തൃശൂർ മെഡിക്കൽ കാേളേജിൽ സീനിയർ ലാബ് ടെക്‌നീഷ്യനാണ് അദ്ദേഹം.

ഭാര്യയും മക്കളായ ദേവിക നാരായണനും, ഗോപിക നാരായണനുമായി 15 വർഷമായി ഇദ്ദേഹം ഇവിടെയുണ്ട്. ഒടുവിലെത്തിയവരാണ് ഗുരുവായൂർ ദേശക്കാരനും മുൻ പ്രവാസിയുമായ ഗൗരീശങ്കരത്തിൽ നാരായണൻ നായരും കുടുംബവും. കൂടുതൽ നാരായണന്മാർ വന്നണയുമെന്ന പ്രതീക്ഷയിലാണിവർ. എല്ലാ നാരായണ ഭവനങ്ങളിലും സസ്യാഹാരമാണ് പഥ്യം.