തൃശൂർ: ജലനിരപ്പ് പൂർണ സംഭരണ ശേഷിയോട് അടുക്കുന്ന സാഹചര്യത്തിൽ കളക്ടർ അനുമതി നൽകിയതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിലെ നാല് ക്രസ്റ്റ് ഗേറ്റുകൾ ശനിയാഴ്ച വൈകിട്ട് ആറോടെ തുറന്നു. ചാലക്കുടി പുഴയോരവാസികൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. രണ്ട് ക്രസ്റ്റ് ഗേറ്റുകൾ വൈകിട്ട് ആറിനും ഒന്ന് നാലിനും മറ്റൊന്ന് അഞ്ചിനുമാണ് തുറന്നത്. ഡാം പൂർണസംഭരണ ശേഷിയോട് അടുത്തതോടെയാണ് അധികജലം 423.98 മീറ്ററിന് മുകളിൽ വരാതെ നിയന്ത്രിക്കുന്നതിനും ജലനിരപ്പ് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ പകൽസമയം മാത്രം ഡാമിലെ സ്ലൂയിസ് ഗേറ്റുകൾ തുറന്ന് പ്രളയ സാദ്ധ്യത ഒഴിവാകും വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനും അനുമതി നൽകിയത്. അധികജലം ഒഴുക്കി വിടുന്നത് മൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാദ്ധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. 423.55 മീറ്ററാണ് ശനിയാഴ്ച രാത്രി ഏഴിന് ഡാമിലെ ജലനിരപ്പ്. 424 മീറ്ററാണ് ഡാമിന്റെ പൂർണസംഭരണനില. ഡാമിൽ നിലവിൽ സംഭരണശേഷിയുടെ 95.71 ശതമാനം ജലമുണ്ട്. അതേസമയം, കേരള ഷോളയാർ ഡാമിൽ ശനിയാഴ്ച രാത്രി ഏഴിന് 2662.70 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 99.42 ശതമാനം ജലം. ഷോളയാർ ഡാമിന്റെ റെഡ് അലേർട്ട് ലെവൽ 2661 അടിയും പൂർണ സംഭരണശേഷി 2663 അടിയുമാണ്. വൃഷ്ടി പ്രദേശത്ത് വൈകിട്ട് നാല് മുതൽ ഏഴ് വരെ 3 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.