അന്തിക്കാട്: കനോലി കനാലിനും കരുവന്നൂർ പുഴയ്ക്കും കുറുകെ കയ്പ്പമംഗലം മണ്ഡലത്തെ നാട്ടിക മണ്ഡലവുമായി ബന്ധിപ്പിക്കുന്ന അഴിമാവ് കടവ് പാലത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം 17ന് രാവിലെ 11ന് മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ഇ. ടി ടൈസൻ എം.എൽ.എ അറിയിച്ചു.

2010 ൽ കെ. പി രാജേന്ദ്രൻ റവന്യൂ മന്ത്രി ആയിരിക്കുമ്പോഴാണ് പാലത്തിൻ്റെ ആവശ്യം ഉന്നയിക്കുന്നത്. 51 സെൻ്റ് ഭൂമിയാണ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകി എറ്റേടുത്തത്. 40 മീറ്റർ ആഴത്തിൽ 40 പൈലുകൾ സ്ഥാപിച്ചാണ് പാലത്തിൻ്റെ നിർമ്മാണം. 350 മീറ്റർ നീളവും 11 മീറ്റർ വീതിയും 3 മീറ്റർ നടപ്പാതയും ഉള്ള പാലത്തിൽ 7 സ്പാനുകൾ ഉണ്ടാകും. 17.28 കോടി ചെലവിൽ ആർ.ബി.ഡി.സി.കെക്കായി കിറ്റ് കോയുടെ മേൽനോട്ടത്തിലാണ് നിർമ്മാണം. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. പാലം യാഥാർത്ഥ്യമായാൽ കൊടുങ്ങല്ലൂരിൽ നിന്ന് അഴിമാവിലൂടെ തൃശൂരിലെത്താൻ ഏകദേശം 13 കിലോമീറ്റർ ലാഭിക്കാനാവും. ഗീതാ ഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ചീഫ് വിപ്പ് കെ. രാജൻ, എം.പിമാരായ ടി. എൻ പ്രതാപൻ, ബെന്നി ബഹനാൻ, ഇ. ടി ടൈസൻ എം.എൽ.എ തുടങ്ങി പ്രമുഖർ പങ്കെടുക്കും. ഗീതാ ഗോപി എം.എൽ.എ, അന്തിക്കാട് ബ്ലോക്ക് പ്രസിഡൻ്റ് പി. സി ശ്രീദേവി, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് വി. ഐ അബുബക്കർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.