തൃശൂർ: ഭൂമാഫിയകളെ സഹായിക്കാൻ തൃശൂർ പൈതൃക സോണിനെ തകർത്ത് പുതിയ മാസ്റ്റർ പ്ലാൻ കൊണ്ട് വരാനുള്ള കോർപറേഷനിലെ ഇടത്-വലത് കൂട്ടുകെട്ടിനെ വിശ്വാസികളെ അണിനിരത്തി ചെറുത്ത് തോൽപ്പിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.കെ അനീഷ് കുമാർ. നഗര വികസനത്തിൻ്റെ പേരിൽ ക്ഷേത്രഭൂമി കൈയ്യേറാനും ക്ഷേത്രഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ച് നൽകാനും യു.ഡി.എഫ് ഭരണകാലത്ത് നടന്ന ശ്രമമാണ് ഇപ്പോൾ മാസ്റ്റർ പ്ലാനിൻ്റെ മറവിൽ ഇടത്പക്ഷവും നടത്തുന്നത്. റസിഡൻഷ്യൽ ഏരിയ കോമേഴ്‌സ്യൽ ഏരിയയായി മാറ്റുന്നതിന് പിന്നിലും പൈതൃകസോൺ ഏരിയയിലെ 15 മീറ്റർ ഉയരമെന്ന നിബന്ധന ലംഘിച്ച് ബഹുനില കെട്ടിടങ്ങൾക്ക് അനുമതി നൽകിയതിലും വൻ അഴിമതിയുണ്ട്. ഇത്തരം നീക്കങ്ങൾക്കെതിരെ ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കുന്നാഥ ക്ഷേത്രത്തിൻ്റെ ഔട്ടർ പ്രദക്ഷിണ വഴിയിൽ 10 കേന്ദ്രങ്ങളിൽ ഇന്ന് വൈകിട്ട് ആറിന് പ്രതിഷേധ ജ്വാല തെളിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.കെ അനീഷ് കുമാർ അറിയിച്ചു.