തൃശൂർ: രാഷ്ട്രീയ പ്രതിരോധം ദുർബലമാകുന്ന കൊവിഡ് കാലത്ത് ജനാധിപത്യവിരുദ്ധ നയങ്ങളും തീരുമാനങ്ങളും ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്ന നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പകർച്ചവ്യാധികൾ, യുദ്ധഭീതി എന്നിവ എക്കാലത്തും ഫാസിസ്റ്റുകൾ അവരുടെ നയങ്ങൾ നടപ്പാക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തിയതിന് ചരിത്രം സാക്ഷിയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ എതിർ സ്വരങ്ങൾ അടിച്ചമർത്താൻ ഇത്തരം സാഹചര്യം ഭരണകൂടം ഉപയോഗപ്പെടുത്തുന്നതിനെതിരെ ജനങ്ങൾ കരുതിയിരിക്കണം. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന് കളങ്കം വരുത്തുന്ന നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.