yuvamorcha
ടോള്‍ പ്ലാസയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം

പുതുക്കാട്: ദേശീയപാത പാലിയേക്കര ടോൾപ്ലാസ വഴി കടന്നുപോയ മന്ത്രി കെ.ടി. ജലീലിനു നേരെ ഇന്നലെ വൈകീട്ട് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. പ്രതിഷേധക്കാർക്ക് നേരെ കാറിലിരുന്ന് മന്ത്രി കൈവീശി കാണിച്ചു.
ടോൾ പ്ലാസയ്ക്ക് വടക്കുവശത്ത് നിലയുറപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് പൊലീസിനെ വെട്ടിച്ച് ഓടുകയായിരുന്നു. ഇതിനിടെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് ചാടിയ യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബു താഴെ വീണു. കൈയ്ക്ക് പരിക്കേറ്റു.
ടോൾ പ്ലാസയിൽ കാത്തുനിന്ന യുവമോർച്ച പ്രവർത്തകരും മന്ത്രിയെ കരിങ്കൊടി കാണിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, നേതാക്കളായ സന്ദീപ് ആമ്പല്ലൂർ, വടുതല നാരായണൻ, ആന്റു ചക്കുംപീടിക, നിഖിൽ മാളിയേക്കൽ, ബിനോജ് അമ്പാടി എന്നിവർ നേതൃത്വം നൽകി.