ചേർപ്പ്: ചലച്ചിത്ര അഭ്രപാളികളിൽ ഇടം നേടിയ പെരുവനം ചേരിക്കൽ കൊട്ടാരവും കച്ചേരി വളപ്പും നാശോന്മുഖമായി. പെരുവനം കുണ്ടൂർ പടിഞ്ഞാറേടത്ത് മനക്കാരുടെയായിരുന്ന കൊട്ടാരം പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. പാരമ്പര്യ അനുഷ്ഠാന കലകളുടെ പരിശീലനകേന്ദ്രമായി മാറിയ കൊട്ടാരം ഇപ്പോൾ കാടുകയറി.
മാറി മാറി വന്ന സർക്കാരുകൾ കൊട്ടാരം മോടി പിടിപ്പിച്ചെങ്കിലും കലാ പരിശീലന പ്രവർത്തനം നിന്നുപോയി. ഏക്കറോളം വരുന്ന കൊട്ടാര വളപ്പ് പൂർണമായും കാടുകയറി. ഇഴ ജന്തുക്കളുടെ ശല്യവും വർദ്ധിച്ചു. എട്ടുകെട്ടുകളടങ്ങിയ ഈ മനോഹര കൊട്ടാരം പഴയ കാലത്തെ ചലച്ചിത്രങ്ങളുടെ ലൊക്കേഷനുമായിരുന്നു. മാടമ്പ് കുഞ്ഞുകുട്ടന്റെ കഥയായ ഭ്രഷ്ടം, സംവിധായകൻ മോഹൻ, അമ്പിളി എന്നിവരുടെ തീർത്ഥം, അഷ്ടപദി തുടങ്ങിയ ചലച്ചിത്രങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത് .
ബ്രാഹ്മണ, നമ്പൂതിരി ഇല്ലങ്ങളുടെ കഥ പറയുന്ന വിവിധ ചിത്രങ്ങളാണ് ഏറെയും പെരുവനം കച്ചേരി എന്ന് പഴമക്കാർ പറയപ്പെടുന്ന കൊട്ടാരത്തിൽ ചിത്രീകരിച്ചത്. പ്രേംജി, നെടുമുടി വേണു, ബാബു നമ്പൂതിരി, കുതിരവട്ടം പപ്പു എന്നിവർ അക്കാലത്ത് കൊട്ടാരത്തിൽ എത്തിയിരുന്ന നടന്മാരായിരുന്നു. 1982 ലാണ് അഷ്ടപദിയുടെ ഷൂട്ടിംഗ് കൊട്ടാരത്തിൽ നടന്നതെന്ന് ചിത്രത്തിന്റെ സംവിധായകനായ അമ്പിളി ഇപ്പോഴും ഓർക്കുന്നു. തന്റെ ചലച്ചിത്രമായ വീണപൂവിന്റെ ചിത്രീകരണ ലൊക്കേഷൻ പെരുവനം, ചേർപ്പ് ചങ്ങരയിൽ ക്ഷേത്രവും പരിസരങ്ങളുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരത് ഗോപി, മേനക, ദേവൻ, രവി മേനോൻ എന്നിവരാണ് വീണ പൂവ് ചിത്രത്തിലെ അഭിനേതാക്കൾ.
"കലാഗ്രാമമായ പെരുവനത്ത് തികഞ്ഞ ഒരു കലാകേന്ദ്ര സമുച്ചയമാക്കി പെരുവനം കൊട്ടാരത്തെ മാറ്റാൻ വേണ്ട നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
പെരുവനം കുട്ടൻ മാരാർ
മേളപ്രമാണി