തൃശൂർ: നഗരകേന്ദ്രത്തെ പൈതൃക സോണിൽ നിന്നു മാറ്റാനുള്ള നീക്കം മാസ്റ്റർ പ്ലാനിനെ അട്ടിമറിക്കുന്നതാണെന്ന് എൻ.എസ്.എസ് തൃശൂർ താലൂക്ക് യൂണിയൻ നിർവാഹക സമിതി. നീക്കം അംഗീകരിക്കാനാകില്ലെന്നു പ്രമേയത്തിൽ വ്യക്തമാക്കി. ആരുമായും ചർച്ച നടത്താതെ മാസ്റ്റർപ്ലാൻ അട്ടിമറിക്കാനുള്ള നീക്കമുണ്ടായത് കെട്ടിട നിർമാണ മേഖലയുടെ സമ്മർദത്തെ തുടർന്നാണെന്നു സംശയിക്കണം. സ്വരാജ്‌ റൗണ്ട് ഔട്ടർ ഫുട്പാത്തിൽ നിന്നു 150 മീറ്റർ ദൂരത്തിൽ കെട്ടിടങ്ങൾക്ക് 15 മീറ്റർ ഉയരമേ അനുവദിക്കൂ എന്ന മുൻവ്യവസ്ഥ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കുറ്റകരമായ അനാസ്ഥയിലും നിശബ്ദതയിലും പ്രതിഷേധിച്ചു. പ്രസിഡന്റ് ഡോ. കെ.എസ്. പിള്ള അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേശൻ, സെക്രട്ടറി സി. സുരേന്ദ്രൻ, വനിതാ സമാജം പ്രസിഡന്റ് ജി. ഭവാനിഅമ്മ എന്നിവർ പ്രസംഗിച്ചു.