ചേർപ്പ്: പഞ്ചായത്തിലെ ഓരോ വാർഡിലും സ്ഥാപിച്ചിട്ടുള്ള ജൈവ മാലിന്യ നിക്ഷേപക്കൂടിനു ചുറ്റും മാലിന്യം കുന്നുകൂട്ടിയിട്ടും അത് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാത്ത ചേർപ്പ് പഞ്ചായത്തിനെ മാലിന്യമുക്ത ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ച നടപടിക്കെതിരെ എ.ഐ.വൈ.എഫ് ചേർപ്പ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ മാലിന്യക്കൂടുകൾക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
സി.പി.ഐ ചേർപ്പ് ലോക്കൽ സെക്രട്ടറി എൻ.ജി. അനിൽ നാഥ് സമരം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ചേർപ്പ് മേഖലാ പ്രസിഡന്റ് ഗോപൻ അദ്ധ്യക്ഷനായി. അസ്ഹർ മജീദ്, കെ.എസ്. നൗഫൽ, സജിൽ, ശബരി, ഷംനാസ്, ശ്രീരാഗ് എന്നിവർ പങ്കെടുത്തു. ഊരകത്ത് നടന്ന പ്രതിഷേധ സമരം സി.പി.ഐ ഊരകം മേഖലാ സെക്രട്ടറി എസ്. വിനോദ് ഉദ്ഘാടനം ചെയ്തു.