പാവറട്ടി: കോൾ പാടശേഖരങ്ങളിൽ നിന്ന് തള്ളിവിടുന്ന ചണ്ടിയും കുളവാഴയും വന്നടിഞ്ഞ് കനോലി കനാലിൽ മത്സ്യബന്ധനം നടത്തുന്നവരുടെ തൊഴിൽ പ്രതിസന്ധിയിലായതായി പരാതി. വെങ്കിടങ്ങ്, മണലൂർ ഗ്രാമപഞ്ചായത്തുകൾ പങ്കിടുന്ന ഏനാമാക്കൽ കനാലിലാണ് പ്രശ്‌നം രൂക്ഷമായത്.
ഉൾനാടൻ മത്സ്യത്തൊഴിലാളികളാണ് ഇതുമൂലം ഏറെ ദുരിതത്തിലായത്. കണ്ടാടി വലകളിൽ വന്ന് കുരുങ്ങുന്ന ചണ്ടിയും മറ്റും മൂലം മത്സ്യങ്ങൾ ലഭിക്കുന്നില്ലെന്നതാണ് മീൻപിടുത്തക്കാരുടെ പരാതി. കോൾ പാടശേഖരങ്ങളിൽ നിന്ന് വർഷകാലത്ത് ചണ്ടിയും കുളവാഴയും മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് തള്ളിവിടുന്ന പതിവ് അവസാനിപ്പിക്കണമെന്നാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
പാടശേഖങ്ങളിൽ തന്നെ ഇവ ശാസ്ത്രീയമായി ശേഖരിച്ച് വളമാക്കി മാറ്റാനുള്ള നടടപടികൾ കൈകൊള്ളണമെന്ന് ഉൾനാടൻ മത്സ്യതൊഴിലാളികളും ജനപ്രതിനിധികളുമായ കെ.വി. വേലുക്കുട്ടി, ഷാജു അമ്പലത്ത് വീട്ടിൽ എന്നിവരും മത്സ്യതൊഴിലാളികളായ സന്തോഷ് പഞ്ച, പുതുവീട്ടിൽ നൗഷാദ് എന്നിവരും ആവശ്യം ഉന്നയിക്കുന്നു. ഏനാമാക്കൽ റെഗുലേറ്റർ മുതൽ ചേറ്റുവ അഴിമുഖം വരെയുള്ള പുഴഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികളെല്ലാം പ്രതിസന്ധിയിലാണെന്നും ഇവർ പറയുന്നു.
വെങ്കിടങ്ങ്, മണലൂർ, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ നിന്നുള്ള നൂറ് കണക്കിന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളാണ് ഇതുമൂലം ജീവിതദുരിതം നേരിടുന്നതെന്നും ബന്ധപ്പെട്ടവർ അടിയന്തര ഇടപെടൽ നടത്തണമെന്നും ഇവർ ആവശ്യപെട്ടു.