തൃശൂർ: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും റെമീസും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സ്വപ്ന സുരേഷിനെ പ്രവേശിപ്പിച്ചത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംഘം റമീസിനെ ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റമീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ചയാണ് സ്വപ്ന ആശുപത്രി വിട്ടത്. നേരത്തെ നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടർന്നുള്ള ഇ.സി.ജി പരിശോധനയിൽ വ്യതിയാനം അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്നായിരുന്നു കിടത്തി ചികിത്സ നൽകിയത്. ശനിയാഴ്ച അസ്വസ്ഥതകൾ മാറിയ സാഹചര്യത്തിലായിരുന്നു ആശുപത്രിയിൽ നിന്നും വിടുതൽ ചെയ്ത് ജയിലിലേക്ക് മാറ്റിയത്. ഞായറാഴ്ച വൈകിട്ട് നെഞ്ച് വേദനയനുഭവപ്പെടുന്നതായി ജയിൽ അധികൃതരെ അറിയിച്ചു. ഇതേത്തുടർന്നാണ് മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. റമീസിന് വയറ് വേദനയും ദഹനക്കേടും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു മെഡിക്കൽ കോളേജിലെത്തിച്ചത്.