swapna-rameez

തൃശൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ ആശുപത്രി വാസത്തിൽ ചില കോണുകളിൽ നിന്ന് സംശയം ഉയരുന്നു. ഒരാഴ്ചക്കിടെ രണ്ടു തവണയാണ് സ്വപ്ന സുരേഷ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്നത്. ആദ്യ തവണ നാലു ദിവസത്തോളം ഇവിടെ ചികിത്സയിൽ കഴിഞ്ഞ ശേഷം ശനിയാഴ്ച ആണ് വിയ്യൂർ ജയിലിലേക്ക് പോയത്. വീണ്ടും ഇന്നലെ നെഞ്ചു വേദനയെ തുടർന്ന് എത്തി. ഇതിനു പിന്നാലെ റെമീസും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംഘം റമീസിനെ ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റമീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയും ദഹനക്കേടും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു മെഡിക്കൽ കോളേജിലെത്തിച്ചത്.

സ്വപ്ന ആദ്യ വട്ടം ആശുപത്രി ചികിത്സ തേടിയപ്പോൾ ഒരു നഴ്സിന്റെ ഫോണിൽ നിന്ന് പലരെയും വിളിച്ചുവെന്ന ആരോപണം പുറത്തു വന്നിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്. ഇതു സംബന്ധിച്ച് അന്വഷണം നടക്കുമെന്നാണ് അറിയുന്നത്. അതേസമയം, സ്വപ്നയുടെയും റെമിസിന്റെയും ആരോഗ്യ നില വിലയിരുത്താൻ മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോർഡ് യോഗം ഉച്ചയ്ക്ക് ചേരും.

സുരക്ഷയും നിരീക്ഷണവും ഇല്ല

തടവുകാരെ പാർപ്പിക്കുന്ന മെഡിക്കൽ കോളേജിലെ വാർഡിൽ യാതൊരു സുരക്ഷയും ഇല്ലെന്ന് ആരോപണമുണ്ട്. സി.സി ടി.വി കാമറകൾ പോലുമില്ല. ഇത്രയും കോളിളക്കം സൃഷ്‌ടിച്ച കേസിലെ പ്രതികളെ പാർപ്പിക്കുന്ന വാർഡിൽ വേണ്ടത്ര നിരീക്ഷണം ഇല്ലാത്തതിനെതിരെ അനിൽ അക്കര എം.എൽ.എ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.