congress

'വൃദ്ധന്മാരെ സൂക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസിലെ യുവതുർക്കികൾ കലാപക്കൊടി ഉയർത്താൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും സംഘടനയിലെ ഭാരവാഹിപട്ടിക പ്രസിദ്ധീകരിക്കുമ്പോഴും വയോവൃദ്ധൻമാർ സടകുടഞ്ഞെണീറ്റ് വരും. കെ.എസ്.യു, യൂത്ത് കോൺഗ്രസ് ചുണക്കുട്ടികൾ കുറേ പ്രസ്താവനകൾ ഇറക്കി ഒടുവിൽ വീര്യം നശിച്ച് വീണ്ടും അലക്കിത്തേച്ച ഖദറിനെ നോക്കി നെടുവീർപ്പിടും. ഇനിയും അലക്കിത്തേയ്ക്കാൻ ഖദർ ഷർട്ടുകളുടെ ജന്മം പിന്നെയും ബാക്കിയായിരുന്നു. പക്ഷേ, കഴിഞ്ഞദിവസം തൃശൂരിൽ ഖദറിനുളളിലെ യൗവനങ്ങൾക്ക് സമാശ്വാസ സമ്മാനം ലഭിച്ചിരിക്കുന്നു. അങ്ങനെ തൃശൂരിൽ നിന്ന് കോൺഗ്രസിന്റെ നേതൃപദവിയിലേക്ക് ചെറുപ്പക്കാരുടെ മുന്നേറ്റമുണ്ടായിരിക്കുന്നു. ഇതോടെ കോൺഗ്രസിൽ യാഥാർത്ഥ്യമായത് തലമുറ മാറ്റമായിരുന്നു.

കെ.പി.സി.സി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കടന്നുവന്നത് കെ.എസ്‌.യു, യൂത്ത് കോൺഗ്രസിലൂടെ ശ്രദ്ധേയരായ യുവനിര. എക്കാലത്തും കോൺഗ്രസിന്റെ വീറും വീര്യവും യുവതുർക്കികളായിരുന്നല്ലോ. അതുകൊണ്ടു തന്നെ രണ്ട് തിരഞ്ഞെടുപ്പുകൾ മുന്നിലെത്തുമ്പോൾ പ്രതീക്ഷകളുടെ കൈകൾ നീളുകയാണ്. ഇനി ഗ്രൂപ്പ് യുദ്ധം ഉണ്ടാവുമോ? തൃശൂർ അതിനും പേരുകേട്ടതായിരുന്നു. തിരഞ്ഞെടുപ്പ് കാലത്തും കാലുവാരൽ ഏറെക്കണ്ടതാണ്. കിട്ടേണ്ടതെല്ലാം എല്ലാവർക്കും കിട്ടിക്കഴിഞ്ഞു. ഇനിയും ഉത്തരവാദിത്തം ഏൽപ്പിച്ചാൽ, ഗ്രൂപ്പുകളി മറന്ന് എല്ലാവരും ചുമതലകൾ നിർവഹിക്കുമെന്നുമാണ് തലമൂത്ത ഗ്രൂപ്പ് നേതാക്കൾ തന്നെ കരുതുന്നത്. ചുരുക്കത്തിൽ, പുതിയ ഭാരവാഹി പട്ടികയിലുള്ള 11 പേരും യുവജന വിദ്യാർത്ഥി നേതാക്കന്മാർ ആണ്.

അനുഭവസമ്പത്തും പ്രവർത്തന പരിചയവും ഉള്ള ചെറുപ്പക്കാർ നേതൃത്വത്തിലേക്ക് എത്തിച്ചേരുമ്പോൾ ജില്ലയിലെ കോൺഗ്രസിന്റെ പ്രതാപകാലം തിരിച്ചുവരുമെന്നുളള പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വവും അണികളും. കഴിഞ്ഞ ദിവസമാണ് ഒന്നരവർഷത്തിനു ശേഷം തൃശൂരിലെ കോൺഗ്രസിന് ഒരു നാഥനുണ്ടായത്. യുവജന വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പുതിയ ഡി.സി.സി. പ്രസിഡന്റ് എം.പി വിൻസന്റും കടന്നുവന്നത്. പ്രസിഡന്റിന് താങ്ങും തണലുമാവാൻ ഇവർക്ക് കഴിയുമെന്ന പ്രത്യാശയും നേതാക്കൾ പങ്കിടുന്നു. ടി. യു രാധാകൃഷ്ണൻ, സുനിൽ അന്തിക്കാട്, സി.എസ് ശ്രീനിവാസൻ, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, അഡ്വ. ഷാജി കോടങ്കണ്ടത്ത്‌, സി.സി ശ്രീകുമാർ, കെ.ബി ശശികുമാർ, ജോൺ ഡാനിയേൽ, ടി.ജെ സനീഷ് കുമാർ, എ.പ്രസാദ്, എന്നിവരാണ് കെ.പി.സി.സി സെക്രട്ടറിമാർ. തേറമ്പിൽ രാമകൃഷ്ണൻ, കെ. പി വിശ്വനാഥൻ, ജോസഫ് ടാജറ്റ് എന്നിവരെ കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. പത്തിൽ കൂടുതൽ സംസ്ഥാന സെക്രട്ടറിമാരുള്ള അഞ്ച് ജില്ലകളിൽ ഒന്നാണ് തൃശൂർ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് മറ്റ് ജില്ലകൾ. സംസ്ഥാന വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, ജനറൽ സെക്രട്ടറി ഒ.അബ്ദുറഹിമാൻകുട്ടി, സംസ്ഥാന ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ് എന്നിവർക്ക് പുറമേയാണ് ഇപ്പോൾ 11 സെക്രട്ടറിമാരെയും തൃശൂരിന് കിട്ടിയിരിക്കുന്നത്.

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്

ജില്ലയിൽനിന്നുള്ള ഭാരവാഹികളിൽ സ്ത്രീപ്രാതിനിധ്യം കുറവാണ്. പ്രധാന ഭാരവാഹികളിൽ ഒരാൾ മാത്രമാണ് വനിത. അത് എന്തുകൊണ്ടാണെന്ന് പറയേണ്ടത് സ്ത്രീകളാണോ കോൺഗ്രസ് പാർട്ടിയാണോ എന്ന് അറിയാവുന്നവർ പറയണം. വേദികളിലും ജംബോ കമ്മിറ്റികളിലും ഇടിച്ചുകയറി നിൽക്കാനും രണ്ടുവാക്ക് പറയാനും കഴിയാത്തതുകൊണ്ടാണെന്ന് പറഞ്ഞ് തടിതപ്പുന്ന നേതാക്കളുണ്ട്. അർഹമായ പ്രാതിനിധ്യം കൊടുത്തുവെന്ന് അച്ചടിഭാഷയിൽ പറയുന്നവരുമുണ്ട്. മുഴുവൻസമയ പ്രവർത്തകരും നേതാക്കളുമായി സ്ത്രീകൾ ഇല്ലെന്നാണ് മറ്റൊരു വിശദീകരണം. പക്ഷേ, തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനെങ്കിലും സ്ത്രീകൾ വേണമെന്ന് കോൺഗ്രസുകാർക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടിവരുമോ എന്നാണ് ചിലരുടെ മറുചോദ്യം. എന്തായാലും സ്ത്രീകൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്ന്. കുറേ സ്ഥാനമാനങ്ങൾ ഒഴിഞ്ഞ് കിടപ്പുണ്ട്. ഒന്ന് ശ്രമിച്ചാൽ, മുഴുവൻ സമയം ചെലവിട്ടാൽ ചിലതൊക്കെ ആയേക്കും, ചിലപ്പോൾ...