തൃശൂർ: അതിരപ്പിള്ളി, മലക്കപ്പാറ അടക്കമുള്ള സ്ഥലങ്ങളിലെ പൊതുഇടങ്ങളിൽ ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുകയും രാഷ്ട്രീയ, സാംസ്‌കാരിക, സന്നദ്ധ സംഘടനകളുമെല്ലാം ടി.വിയും സ്മാർട്ട്‌ഫോണും ലഭ്യമാക്കുകയും ചെയ്തതോടെ തൃശൂരിൽ ഒരു വിദ്യാർത്ഥിക്ക് പോലും ഓൺലൈൻ ക്‌ളാസ് ലഭിക്കാത്തതായി ഇല്ലെന്ന് വിദ്യാഭ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.
മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികൾ ജില്ലയിൽ പഠനം നടത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സ്‌കൂളുകൾ തുറക്കാത്തതിനാൽ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. കൂടുതൽ വിദ്യാർത്ഥികൾ എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് ചേരാൻ തയ്യാറായിട്ടുമുണ്ട്. വിക്ടേഴ്‌സ് ചാനലിലെ ക്ലാസിനും ഭൗതികസാഹചര്യം ഒരുക്കിയിരുന്നു. അദ്ധ്യാപകർ മുഖേന നടത്തിയ സർവേയിൽ പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് ഫോണും ടി.വിയും ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
സംഘടനകളും ജനപ്രതിനിധികളും ഒന്നിച്ച് രംഗത്തിറങ്ങിയ ശേഷം നിരവധി പേർക്ക് ലഭ്യമാക്കി. മുന്നൂറോളം പേർക്ക് മാത്രമാണ് ഇനി ഫോണും ലഭിക്കാനുള്ളതെന്നാണ് നിഗമനം. എന്നാൽ അവർക്കെല്ലാം ഓൺലൈൻ ക്ലാസ് കാണുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിൽ അപ്പോളോ ടയേഴ്‌സ്, വ്യവസായ വകുപ്പ്, സമഗ്ര ശിക്ഷാ അഭിയാൻ എന്നിവ അടക്കം ടെലിവിഷനുകൾ ലഭ്യമാക്കിയിരുന്നു. ചില ടെലിവിഷൻ കമ്പനികളും കുറഞ്ഞ ചെലവിൽ ടി.വി നൽകി.
സ്മാർട്ട് പി.ടി.എ
സംസ്ഥാനത്ത് തന്നെ ആദ്യമായി ഓൺലൈൻ പി.ടി.എ യോഗം നടത്തിയും ഒന്നു മുതൽ പത്ത് വരെ ക്ലാസുകൾക്ക് ഡയറ്റ് ഫാക്കൽറ്റിയും ബി.ആർ.സി അംഗവും ഉൾപ്പെടുന്ന ഓൺലെൻ ഗ്രൂപ്പ് സജീവമാക്കിയും വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം സ്മാർട്ടായെന്നാണ് ഉന്നത ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നത്. എല്ലാ സ്‌കൂളുകളിലും സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പുകൾ സജീവമായതും തൃശൂരിലാണ്. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരെയും രക്ഷിതാക്കളെയും ഓൺലൈൻ സൗകര്യങ്ങളുടെ സാദ്ധ്യതയിലേക്ക് എത്തിക്കാനായത് സ്‌കൂൾ തുറന്ന് സാധാരണനിലയിലാകുമ്പോഴും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ഓൺലൈൻ പി.ടി.എ യോഗം നടത്തിയത്: 946 സ്‌കൂളുകളിൽ
ഓൺലൈൻ പഠനസൗകര്യമുള്ള കേന്ദ്രങ്ങൾ: 26
" ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇനി ടെലിവിഷനും ഫോണും നൽകുക എന്നതിലുപരി പഠനസൗകര്യം കൃത്യമായി ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ക്‌ളാസുകൾ കാണുന്നതിന് ചില സ്‌കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയാണ് പഠനം ഉറപ്പുവരുത്തുന്നത്. ''
എൻ.ഗീത, ഡി.ഡി.ഇ