കുന്നംകുളം: കൊവിഡ് മഹാമാരിയെ നേരിടുന്നതിന് ആരോഗ്യ പ്രവർത്തകർക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളും വലിയ പങ്കു വഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുന്നംകുളത്ത് ഇ.കെ നായനാർ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡ് പ്രതിസന്ധി കാലത്ത് കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ട സമൂഹ അടുക്കള ലോകം ശ്രദ്ധിച്ച ഒന്നാണ്. അതോടൊപ്പം അതിഥി തൊഴിലാളികൾ, അശരണർ, കിടപ്പുരോഗികൾ എന്നിവർക്കുള്ള ക്ഷേമപ്രവർത്തനങ്ങളും നടത്തി നാം മുന്നേറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഊർജ്ജസ്വലമായി പ്രവർത്തിച്ചതോടെ മരണനിരക്കും കുറയ്ക്കാനായി. കുന്നംകുളം നഗരസഭ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് വിവിധങ്ങളായ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വിഭാവനം ചെയ്തത് സംസ്ഥാനത്തിന് മുതൽക്കൂട്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ എസ്. ഷാനവാസ് (ഓൺലൈനിൽ), നടൻ വി.കെ ശ്രീരാമൻ, എഴുത്തുകാരായ ടി.ഡി രാമകൃഷ്ണൻ (ഓൺലൈൻ), റഫീക്ക് അഹമ്മദ്, ബി.കെ ഹരിനാരായണൻ, കലാമണ്ഡലം നിർവ്വാഹക സമിതിയംഗം ടി.കെ വാസു, ആർക്കിടെക്ചർ ഡോ. ജോത്സ്ന റാഫേൽ, നിർമ്മാണ ചുമതല സ്ഥാപന പ്രതിനിധി രമേശൻ പാലേരി, നഗരസഭ ചെയർ പേഴ്സൻ സീതാ രവീന്ദ്രൻ , നഗരസഭ വെസ് ചെയർമാൻ പി.എം സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.