കയ്പമംഗലം: കാർഷിക സംസ്‌കൃതിക്കായി ഞാറ് വിപ്ലവത്തിന് തുടക്കം കുറിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ. 40 വർഷത്തോളം തരിശായിക്കിടന്ന എടത്തിരുത്തി പൈനൂർ പാടത്ത് പൈനൂർ സംഘവേദിയുടെ നേതൃത്വത്തിൽ മുപ്പതോളം ചെറുപ്പക്കാരാണ് കൃഷിയിറക്കിയത്. പത്ത് ഏക്കറോളം പാടത്താണ് കൃഷി ചെയ്യുന്നത്.
മുതിർന്ന കർഷകത്തൊഴിലാളികളായ കടവത്ത് കുമാരന്റെയും സുരപ്പന്റെയും ഉപദേശങ്ങൾ സ്വീകരിച്ച് പുതുതലമുറ പൈനൂരിലെ പാടങ്ങളെ തിരിച്ചു പിടിക്കാൻ ഇറങ്ങുകയായിരുന്നു. രണ്ടര ഏക്കറിൽ മഞ്ഞൾ കൃഷിയും പൈനൂരിൽ നടക്കുന്നുണ്ട്. മുതിർന്ന കർഷകരും ഇതോടൊപ്പം കൃഷി ഇറക്കാൻ തയ്യാറായതോടെ പൈനൂരിലെ തരിശ് പാടങ്ങളെല്ലാം പച്ചപ്പ് അണിയാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനകം ഇരുപതോളം ഏക്കർ വയലുകളിൽ കൃഷി ഇറക്കിയിട്ടുണ്ട്. ഞാറ് നടീൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ ബേബി ജോൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പി.എം നാട്ടിക ഏരിയാ സെക്രട്ടറി പി.എം. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.കെ. ജ്യോതിപ്രകാശ്, എ.വി. സതീഷ്, മഞ്ജുള അരുണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, കൃഷി ഓഫീസർ റുബീന, വാർഡ് മെമ്പർ ഉഷ വേലായുധൻ എന്നിവർ സംസാരിച്ചു.