medical

തൃശൂർ : മെഡിക്കൽ കോളേജിൽ തടവുകാർക്ക് അസുഖം വന്നാൽ പ്രവേശിപ്പിക്കുന്ന വാർഡുകൾക്ക് വേണ്ടത്ര സുരക്ഷയില്ല. പൊലീസ് കാവലുണ്ടെങ്കിലും വിവാദമായ കേസുകളിലെ പ്രതികളെ ഇവിടെ കൊണ്ടുവന്നാൽ സ്വാധീനം ഉപയോഗിച്ച് കാണാനുള്ള സൗകര്യം ഏറെയാണെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞദിവസം സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പാർപ്പിച്ചിരുന്ന വാർഡിൽ അവർ നഴ്‌സുമാരുടെ ഫോണിൽ നിന്ന് പലരെയും വിളിച്ചെന്ന ആക്ഷേപം ഉയർന്നിരുന്നു. രണ്ട് വാർഡുകളാണ് മെഡിക്കൽ കോളേജിൽ തടവുപുള്ളികളെ ചികിത്സിക്കുന്നതിനായുള്ളത്.

നാലാം വാർഡ് പുരുഷന്മാർക്കും പതിനാറാം വാർഡ് സ്ത്രീകൾക്കുമാണുള്ളത്. നേരത്തെ പുരുഷന്മാർക്ക് ഒമ്പതാം വാർഡിലായിരുന്നു ചികിത്സ. എന്നാൽ ഇത് കൊവിഡ് വാർഡായി മാറ്റിയതോടെ നാലാം വാർഡിലേക്ക് മാറ്റി. ഈ രണ്ട് വാർഡുകളിലും മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാർക്കും പ്രവേശനം ഇല്ല. ഇത് പൊലീസിന്റെ നിയന്ത്രണത്തിലാണ്. പല കേസുകളിലും പൊലീസിനെ സ്വാധീനിച്ചാണ് പ്രതികളെ കാണാൻ അവസരം ഉണ്ടാക്കുന്നതെന്ന ആരോപണമുണ്ട്.

വിയ്യൂരിൽ സെൻട്രൽ ജയിൽ, അതിസുരക്ഷാ ജയിൽ എന്നിവിടങ്ങളിൽ നിന്ന് പ്രതികളെ ചികിത്സയ്ക്കായി കൊണ്ടുവരുന്നത് മെഡിക്കൽ കോളേജിലേക്കാണ്. നേരത്തെ മറ്റ് രോഗികൾക്ക് ഒപ്പമാണ് തടവുപുള്ളികളെയും പ്രവേശിപ്പിച്ചിരുന്നത്. അന്ന് തൃശൂരിൽ ഉണ്ടായിരുന്ന ഒരു ജില്ലാ ജഡ്ജിയുടെ ഇടപെടലുകളെ തുടർന്നാണ് എതാനും വർഷം മുമ്പ് പ്രത്യേക ബ്ലോക്കായി തിരിച്ചത്.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ രണ്ടു തവണയാണ് സ്വപ്‌ന സുരേഷ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയത്.

നിരീക്ഷണ കാമറകളില്ല

വിവാദമായ കേസുകളിലെ പ്രതികളെ ചികിത്സയ്ക്ക് കൊണ്ടുവരുന്ന ഇവിടെ നിരീക്ഷണ കാമറ പോലും സ്ഥാപിച്ചിട്ടില്ല. പ്രതികളെ കാണാൻ ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും സുരക്ഷ കർശനമാക്കാനും ഇത്തരം സംവിധാനം അനിവാര്യമാണെന്ന് ജയിൽ വകുപ്പിനും അഭിപ്രായമുണ്ട്. രണ്ട് കവാടം കടന്ന ശേഷം മാത്രമേ പ്രതികളുടെ അടുത്തെത്താനാകൂവെങ്കിലും മെഡിക്കൽ കോളേജ് ജീവനക്കാർക്കും മറ്റും പരിശോധനകളില്ലാതെ അകത്തേക്ക് പ്രവേശിപ്പിക്കാം. പലരും ഇവരെ ഉപയോഗിച്ച് ഫോൺ വിളിക്കാറുണ്ടെന്നും പറയുന്നു.

റമീസ് ജീവനക്കാരുടെ വിശ്രമമുറിയിൽ

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ റെമീസിനെ നാലാം വാർഡിൽ യാതൊരു സുരക്ഷയുമില്ലാത്ത ജീവനക്കാരുടെ വിശ്രമമുറിയിലാണ് പ്രവേശിപ്പിച്ചത്. നാലാം വാർഡിലേക്ക് പ്രവേശിപ്പിക്കുന്ന സ്ഥലത്തെ ഇടുങ്ങിയ മുറിയാണിത്. ഈ മുറിയിലും പുറത്തും നടക്കുന്ന കാര്യങ്ങൾ മെഡിക്കൽ കോളേജ് ജീവനക്കാർക്ക് കാണാൻ പോലും സാധിക്കില്ല. ഇവിടെ നിന്ന് മുപ്പത് മീറ്റർ അകലെയാണ് നഴസിംഗ് സ്റ്റാഫുകളുടെ മുറി. മെഡിക്കൽ കോളേജിന്റെ പ്രധാന സ്ഥലം കൊവിഡ് ചികിത്സാ വാർഡാക്കി മാറ്റിയതോടെയാണ് നാലാം വാർഡിൽ താത്കാലിക സംവിധാനം ഒരുക്കിയത്. ഇന്നലെ റെമീസിന്റെ സഹോദരൻ മെഡിക്കൽ കോളേജിലെത്തിയിരുന്നു.