തളിക്കുളം: സുനാമി കോളനിയിലെ വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വീട്ടമ്മമാർ തളിക്കുളം പഞ്ചായത്ത് ഓഫീസിനു മുൻപിൽ സമരം സംഘടിപ്പിച്ചു. നിർമ്മാണത്തിലെ ക്രമക്കേട് മൂലം കോളനിയിലെ 40 വീടുകളും ചോർന്നൊലിക്കുകയാണ്. വീട് നിർമിച്ച് എട്ട് വർഷമായിട്ടും അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. ടോയ്‌ലറ്റുകൾ നിർമ്മിച്ചു നൽകിയിട്ടില്ല. ചുമരുകളിൽ വിള്ളലുണ്ട്. ചുമരിലൂടെ വെള്ളം ഒഴുകുന്നതിനാൽ സ്വിച്ച് ഇട്ടാൽ ഷോക്കടിക്കുന്നു. അപകടകരമായ അവസ്ഥകാരണം വീടിനുള്ളിൽ കഴിയാൻ പലർക്കും പേടിയാണ്. അറ്റകുറ്റപണി നടത്തണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എക്കും കളക്ടർക്കും പഞ്ചായത്ത് അധികൃതർക്കും പലതവണ പരാതി നൽകിയിട്ടും അനുകൂലമായ നടപടികൾ ഇല്ലാത്തതിനാലാണ് സമരം നടത്തിയത്. തളിക്കുളം സെന്ററിൽ നിന്ന് പ്ലക്കാർഡുമായി പഞ്ചായത്ത് ഓഫീസിന് മുന്നിലേക്കായിരുന്നു സമരം. പരിഹാരം ഉണ്ടായില്ലെങ്കിൽ കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് വീട്ടമ്മമാർ മുന്നറിയിപ്പു നൽകി. പ്രതിഷേധ സമരത്തിന് താര ബൈജു, കനക, പ്രവീണ, ശ്രീഭദ്ര, സബിത, പത്മിനി, പ്രമീള എന്നിവർ നേതൃത്വം നൽകി.