വടക്കാഞ്ചേരി: കേരളരാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത തരത്തിൽ സർക്കാരിനെതിരെ ആക്ഷേപങ്ങളുടെ പെരുമഴയാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ. വടക്കാഞ്ചേരിയിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ടി.എസ്. ഉല്ലാസ് ബാബുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സപ്തദിന ഉപവാസത്തിന് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ പാർട്ടി എന്ന് പറയപ്പെടുന്ന സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്റർ തട്ടിപ്പു കേന്ദ്രങ്ങളുടെ ആസ്ഥാനമാണ്. പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും, മക്കൾക്ക് പങ്കുള്ള കമ്പനികൾക്ക് മേൽ വിലാസം എ.കെ.ജി സെന്ററാണ്. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് ബിനീഷ് കൊടിയേരിക്കു് 28 കമ്പനികൾ തുടങ്ങാൻ അനുമതി നല്കി. ഇതിന്റെയെല്ലാം ആസ്ഥാനവും എ.കെ.ജി സെന്ററാണെന്നും എ.എൻ. രാധാകൃഷ്ണൻ ആരോപിച്ചു. എസ്. രാജു അദ്ധ്യക്ഷനായി. സുരേന്ദ്രൻ ഐനിക്കുന്നത്ത്, പി.ജി. രവീന്ദ്രൻ, അനിൽ കുമാർ, കെ.എം. ഗോപീ ദാസൻ, റിഷി പൽപ്പു, കെ.എ. അഖിൽ എന്നിവർ പ്രസംഗിച്ചു.