വടക്കാഞ്ചേരി: നിർദ്ധനരായ കുടുബങ്ങളുടെ സ്വപ്നത്തെയാണ് അനിൽ അക്കര എം.എൽ.എ വിവാദങ്ങളുടെ പേരിൽ തുരങ്കം വയ്ക്കുന്നതെന്ന് മന്ത്രി എ.സി. മൊയ്തീൻ. ഓട്ടുപാറയിലെ ഒന്നാം കല്ലിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച പ്രിയദർശിനി റോഡിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിതരായ 140 കുടുബങ്ങൾക്കായി വടക്കാഞ്ചേരിയിലെ ചരൽ പറമ്പിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റിന്റെ പേരിൽ അനിൽ അക്കര എം.എൽ.എ ഉയർത്തുന്ന ആരോപണങ്ങളിൽ ഒരു കഴമ്പുമില്ല.
മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ചാണ് പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പുവച്ചത്. സർക്കാർ തരുന്ന ഭൂമിയിൽ സൗജന്യമായി വീടുവച്ചു തരാമെന്നാണ് അതിൽ പറയുന്നത്. അല്ലാതെ പണം തരാമെന്നല്ലെന്നും മന്ത്രി വ്യക്തമാക്കി. നഗരസഭ ഐക്യകണ്‌ഠേന എടുത്ത തീരുമാനപ്രകാരമാണ് ഫ്‌ളാറ്റ് നിർമ്മിക്കുന്നത്. ഇവിടേക്കുള്ള വൈദ്യുതിയും, വെള്ളവും നഗരസഭ തന്നെയാണ് നടപ്പിലാക്കിയത്. സ്വപ്ന സുരേഷ് കോടികൾ കമ്മിഷൻ കൈപ്പറ്റിയത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി മൊയ്തീൻ പറഞ്ഞു.
നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് വഴിക്കായി തുക അനുവദിക്കുച്ചത് എം.എൽ.എയാണ്. ഇത്രയും കാലം മിണ്ടാതിരുന്ന എം.എൽ.എ കെട്ടിടർമ്മാണം പൂർത്തിയാകാറായപ്പോൾ രാഷ്ട്രീയ പ്രേരിതമായി രംഗത്തെത്തുകയാണ്. തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയക്കളികളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി മൊയ്തീൻ പറഞ്ഞു. നഗരസഭാ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ് അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ എം.ആർ. സോമനാരായണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം.ആർ. അനൂപ് കിഷോർ, എൻ.കെ. പ്രമോദ് കുമാർ, കൗൺസിലർമാരായ അബ്ദുൾ സലാം, ജയപ്രീത മോഹൻ എന്നിവർ പ്രസംഗിച്ചു.