കാഞ്ഞാണി: കണ്ടെയ്‌ൻമെന്റ് സോൺ ലംഘിച്ച് പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ പൊലീസ് നടപടി തുടങ്ങി. മണലൂർ പഞ്ചായത്തിലെ 4, 5വാർഡിൽ കൊവിഡ് വ്യാപനം തടയുന്നതിനായി കളക്ടർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിച്ച തുണിക്കട, ജ്വല്ലറി ഉൾപ്പടെയുള്ള സ്ഥാപനങ്ങളാണ് അന്തിക്കാട് പൊലീസ് അടപ്പിച്ചത്. കാഞ്ഞാണി മാർക്കറ്റിനുള്ളിലും ബസ് സ്റ്റാൻഡിലും സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ച ഉടമകളോടും ജീവനക്കാരോടും കണ്ടെയ്‌ൻമെന്റ് സോൺ അവസാനിക്കുന്നതുവരെ തുറക്കാൻ പാടില്ലെന്ന് നിർദ്ദേശം നൽകി. കഴിഞ്ഞദിവസം 4, 5വാർഡുകളിൽ ഏതാനും ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ബാധിച്ചവരെല്ലാം ആളുകളുമായി സമ്പർക്കം പുലർത്തിയിരുന്നതായുള്ള ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ വാർഡുകളിൽ കണ്ടെയ്‌ൻമെന്റ് സോൺ പ്രഖ്യാപിച്ചത്. ഇത് ലംഘിച്ച് പലസ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്നാണ് പൊലീസ് നടപടി. ഇന്നലെ തുടക്കം കുറിച്ച അന്തിക്കാട് കൊവിഡ് പരിശോധനാ കേന്ദ്രത്തിലെ പരിശോധനയിൽ മണലൂർ അഞ്ചാം വാർഡിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസങ്ങളിലായി കാഞ്ഞാണി മാർക്കറ്റിനുള്ളിലെ രണ്ട് സലൂൺ ഉടമകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി കുടുതൽ ആളുകൾ സമ്പർക്കം പുലർത്തിയിട്ടുള്ളതിനാൽ വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ കുടുതൽ കർശനമായി നടപ്പിലാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതരും പൊലീസും അറിയിച്ചു.