ഗുരുവായൂർ: നഗരസഭയിലെ തൈക്കാട് പ്രദേശത്ത് നിർമ്മാണം പൂർത്തിയാക്കിയ കുട്ടികളുടെ പാർക്കിന് പേര് നൽകുന്നതിൽ കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും വ്യത്യസ്ത നിലപാട്. ബി.ജെ.പിക്കാരും യൂത്ത് കോൺഗ്രസും ഒരേ പേരാണ് നിർദേശിച്ചത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭ ആറാം വാർഡിൽ കുട്ടികളുടെ പാർക്ക് നിർമ്മിച്ചിട്ടുള്ളത്. ഇ.കെ. നായനാർ സ്മാരകം എന്നാണ് നഗരസഭ പാർക്കിന് പേര് നൽകാൻ ഉദ്ദേശിക്കുന്നത്. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ഇത് അജണ്ടയായി ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ പാർക്കിന് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിടണമെന്ന ആവശ്യവുമായി ബി.ജെ.പി നഗരസഭാ കമ്മിറ്റിയും യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഗുരുവായൂർ ടൗൺഷിപ്പ് മാറി നഗരസഭയായി 25 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ സിൽവർ ജൂബിലി സ്മാരകം എന്ന പേര് നൽകണമെന്നാണ് കോൺഗ്രസ് കൗൺസിലർമാർ നഗരസഭാ ചെയർമാനും സെക്രട്ടറിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നത്.
യൂത്ത് കോൺഗ്രസ് ഗുരുവായൂർ, പൂക്കോട്, തൈക്കാട് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗമാണ് പാർക്കിന് എ.പി.ജെ. അബ്ദുൾ കലാമിന്റെ പേര് ഇടണമെന്ന ആവശ്യം ഉയർത്തിയിട്ടുള്ളത്. മണ്ഡലം പ്രസിഡന്റുമാരായ സി.എസ്. സൂരജ്, ആർ.വി. ഫൈസൽ, എൻ.എച്ച്. ഷാനിർ എന്നിവർ യോഗത്തിൽ സംസാരിച്ചു. സിൽവർ ജൂബിലി സ്മാരകം എന്ന പേര് നൽകണമെന്ന് കാണിച്ച് കൗൺസിലർമാർ നഗരസഭ ചെയർമാന് നൽകിയ നിവേദനത്തിൽ യു.ഡി.എഫിലെ 17 അംഗങ്ങൾ ഒപ്പിട്ടിട്ടുണ്ട്.