ചാലക്കുടി: നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച 24 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. അതിരപ്പിള്ളി പഞ്ചായത്തിൽ ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ 11 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേരും വനംവകുപ്പ് ജീവനക്കാരാണ്. ഒരു ഡിപ്പാർട്ട്‌മെന്റ് ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗബാധയുണ്ടായത്. നേരത്തെ രോഗം കണ്ടെത്തിയ വൈശേരിയിലെ വനം വകുപ്പ് ജീവനക്കാരന്റെ ഭാര്യയും മകളും വെറ്റിലപ്പാറയിലെ മറ്റൊരു പുരുഷനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നഗരസഭാ പരിധിയിൽ തിങ്കളാഴ്ച എട്ട്‌ പേർക്ക് വൈറസ് ബാധ കണ്ടെത്തി. വാർഡ് 21ലെ അപ്പാർട്ട്‌മെന്റിൽ മൂന്ന് കൊവിഡ് ബാധിതരുണ്ട്. വാർഡ് രണ്ട് പോട്ടയിൽ നഴ്‌സിനും ഫയർഫോഴ്‌സിലെ മൂന്ന് ഉദ്യോഗസ്ഥർക്കും പരിശോധനാ ഫലം പോസിറ്റീവായി. മെയിൻ റോഡിലെ ഒരു ജ്വല്ലറി ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. കോടശേരി പഞ്ചായത്തിൽ 4 വൈറസ് ബാധിതരെ കണ്ടെത്തി. കമ്മളം, ചൗക്ക എന്നിവിടങ്ങളിലാണ് രണ്ടു വീതം രോഗികളുള്ളത്.