തൃശൂർ: കോർപറേഷൻ കൗൺസിലർക്ക് തന്നെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൗൺസിൽ യോഗം മാറ്റി വയ്ക്കണമെന്ന ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ ഇന്നലെ ചേർന്ന കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു. സി.പി.എം കൗൺസിലർമാർ ഉൾപ്പെടെ ബഹു ഭൂരിപക്ഷം പേരും യോഗത്തിന് എത്തിയിരുന്നില്ല. കൊവിഡ് സ്ഥിരീകരിച്ച സി.പി.എം കൗൺസിലർ തലേന്ന് നടന്ന എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്ത് മേയർ ഉൾപ്പെടെയുള്ളവരുമായി അടുത്ത സമ്പർക്കം പുലർത്തിയതാണ്. അങ്ങനെയിരിക്കെ അടുത്ത സമ്പർക്കത്തിലായ എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ടതായിരുന്നു. പോകാതിരുന്നത് കോവിഡ് പ്രൊട്ടോകോൾ ചട്ടലംഘനമാണ്. കൂടുതൽ കൗൺസിൽ അംഗങ്ങൾക്കും ജീവനക്കാർക്കും കൊവിഡ് വ്യാപിക്കാൻ ഇടയായാൽ അതിന് പുർണ്ണ ഉത്തരവാദിത്വം മേയർക്കും, ഭരണസമിതിക്കുമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊവിഡ് മഹാമാരിയെ ജാഗ്രത പുലർത്താതെ നിസാരവൽക്കുന്നത് ശരിയല്ലെന്ന് രാജൻ ജെ. പല്ലൻ ആരോപിച്ചു.

സർവ്വകക്ഷി യോഗം വിളിക്കണം: ബി.ജെ.പി
തൃശൂർ: തൃശൂരിന്റെ പൈതൃക സംരക്ഷണം സംബന്ധിച്ച് വിവാദം ഉയർന്ന സാഹചര്യത്തിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം.എസ്. സമ്പൂർണ്ണ കൗൺസിൽ യോഗത്തിൽ പറഞ്ഞു. ഇതിലേക്ക് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. കോർപറേഷൻ പ്രതിപക്ഷ നേതാവ് ബി.ജെ.പിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ച രാജൻ ജെ. പല്ലൻ, പത്മജ വേണു ഗോപാൽ, എം.പി. വിൻസെന്റ് എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിചേർത്തു.