തൃശൂർ: ഭൂമാഫിയകളെ സഹായിക്കാൻ തൃശൂർ പൈതൃക സോണിനെ തകർത്ത് പുതിയ മാസ്റ്റർ പ്ലാൻ കൊണ്ടുവരാനുള്ള കോർപറേഷനിലെ ഇടത്‌വലത് കൂട്ടുകെട്ടിനെതിരെ ബി.ജെ.പി തൃശൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കുന്നാഥ ക്ഷേത്രത്തിന് ചുറ്റും 10 കേന്ദ്രങ്ങളിൽ പൈതൃക സംരക്ഷണ ജ്വാല തെളിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടികളിൽ ജില്ലാ പ്രസിഡന്റ് അഡ്വ.അനീഷ്‌കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സംപൂർണ്ണ, മേഖലാ ജനറൽ സെക്രട്ടറി അഡ്വ.രവികുമാർ ഉപ്പത്ത്, ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ അയിനിക്കുന്നത്ത്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. ഹരി, സംസ്ഥാന കൗൺസിൽ അംഗം വിനോദ് പൊള്ളാഞ്ചേരി, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ, കൗൺസിലർമാരായ മഹേഷ് മേനോൻ, വിൻഷി അരുൺ കുമാർ, രാവുണ്ണി, ലളിതാംബിക, പൂർണ്ണിമ സുരേഷ്, ദിനേഷ് കരിപ്പേൽ, വിപിൻ അയിനിക്കുന്നത്ത്, ടോണി ചാക്കോള, പുഷ്പാംഗദൻ എന്നിവർ ജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു. ഇടത്-വലത് മുന്നണികൾ ചേർന്ന് വടക്കുന്നാഥ ക്ഷേത്രത്തിന്റെ പൈതൃകത്തെ തകർക്കാനും നിലനിൽപ്പ് അപകടത്തിലാക്കാനും നടത്തുന്ന ഏതൊരു നീക്കവും ചെറുത്ത് തോൽപ്പിക്കുമെന്ന് കോർപറേഷന് മുന്നിൽ പ്രതിഷേധ ജ്വാല തെളിച്ച് ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ്‌കുമാർ പറഞ്ഞു.