തൃശൂർ: കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ജില്ലയിൽ പെയ്യുന്ന കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെൽകർഷകർ ആശങ്കയിൽ. കൃത്യമായ കാർഷിക കലണ്ടർ പ്രകാരം വിത്തിറക്കിയാൽ മാത്രമേ വിളവ് ലഭ്യമാകൂ. തുലാവർഷം ആരംഭിക്കുന്നതിനു മുൻപ് നട്ട നെൽച്ചെടികൾ വലുതായാൽ മാത്രമേ തുലാമഴയിൽ നിന്ന് രക്ഷ നേടാൻ കഴിയൂ. ജില്ലയിലെ കോൾനിലങ്ങളിൽ വിത്തിറക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പമ്പിംഗ് കനത്ത മഴയെ തുടർന്ന് പലയിടത്തും തടസപ്പെട്ടിരിക്കുകയാണ്.
എനാമാവ് റെഗുലേറ്ററിന്റെ ഷട്ടർ പൂർണമായി തുറന്നു വെള്ളം ഒഴുക്കി കളയണമെന്ന കർഷകരുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. മനക്കോടി, അരിമ്പൂർ, എനാമാവ്, ആലപ്പാട്, പുള്ളു, ജൂബിലി തേവർ പടവ് മേഖലകളിൽ വിത്തിറക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതിനിടയിലാണ് മഴ ശക്തമായത്.
മുണ്ടകൻ കർഷകർക്കും നെഞ്ചിടിപ്പ്
ജില്ലയിലെ പല ഭാഗങ്ങളിലും മുണ്ടകൻ കൃഷിയിറക്കിയ കർഷകരും ആശങ്കയിലാണ്. പല സ്ഥലങ്ങളിലും ഞാറ് മഴയിൽ മുങ്ങിപ്പോയി. മഴ അടുത്ത ദിവസങ്ങളിലും തുടർന്നാൽ ഇവ ചീഞ്ഞു പോകുമെന്ന് കർഷകർ പറയുന്നു. പത്തും പതിനഞ്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള ഞാറാണ് നശിക്കുന്നത്.
നെല്ല് സംഭരണം തുടങ്ങിയില്ല
സിവിൽ സപ്ലൈസ് വകുപ്പിന്റെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയെങ്കിലും വിരിപ്പു കൃഷി ഇറക്കി കൊയ്തെടുത്തവരുടെ നെല്ല് ഇതുവരെയും സംഭരിച്ചിട്ടില്ല. ആദ്യം കൊയ്തവർക്ക് നെല്ല് ഉണക്കി ചാക്കിൽ കെട്ടിവെക്കാൻ സമയം കിട്ടിയിരുന്നു. അവസാനം കൊയ്തവർ ആണ് ആശങ്കയിലായത്. കൊയ്തെടുത്ത നെല്ല് അപ്പോൾ തന്നെ ചാക്കിൽ കെട്ടിവെച്ചിരിക്കുകയാണ്. മഴ പെയ്തു ഈർപ്പം അടിക്കുന്നതോടെ ഇത് മുളക്കാൻ സാധ്യത ഉണ്ടെന്നു കർഷകർ പറയുന്നു. എരുമപ്പെട്ടി, കടങ്ങോട്, പെരുമ്പിലാവ്, ചേലക്കര മേഖലകളിൽ ആണ് ഇത്തരത്തിൽ ലക്ഷകണക്കിന് വരുന്ന നെല്ല് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. ഇക്കാര്യത്തിൽ കൃഷി വകുപ്പിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.